കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് പേരില്‍ നിന്നായി അഞ്ചരക്കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയില്‍ മൂന്ന് കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് തിങ്കളാഴ്ച പിടിച്ചെടുത്തത്.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയില്‍ നിന്നെത്തിയ അസീസും ജിദ്ദയില്‍ നിന്നെത്തിയ അബ്ദുള്‍ സക്കീര്‍,സമീര്‍ എന്നിവര്‍ ശരീരത്തില്‍ ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

ദുബായില്‍ നിന്നു വന്ന മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളില്‍ സ്വര്‍ണം പൂശിയ പേപ്പര്‍ ഷീറ്റുകളാണ് വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട് കക്കട്ടില്‍ സ്വദേശി ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും ക്വട്ടേഷന്‍ സംഘത്തിന് മുന്നില്‍ കുടുങ്ങി. സ്വര്‍ണത്തിന് വേണ്ടിയുള്ള അടിപിടി ശ്രദ്ധയില്‍പ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ലിഗേഷനെയും ക്വട്ടേഷന്‍ സംഘത്തിലെ ഒരാളായ ആഷിഫിനെയും പിടിച്ചു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ ഓടി രക്ഷപ്പെട്ടു. ആഷിഫിനെ പൊലീസിനും ലിഗേഷിനെ കസ്റ്റംസിനും കൈമാറിയിട്ടുണ്ട്. സ്വര്‍ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top