Section

malabari-logo-mobile

നിപ : ആശങ്ക ഒഴിയുന്നു; കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍

HIGHLIGHTS : Nipa: Relieves worry; Relaxation in Containment Zone

കോഴിക്കോട്: ജില്ലയില്‍ നിപയുമായി ബന്ധപ്പെട്ട് പുതുതായി പരിശോധിച്ച സാമ്പിളുകള്‍ എല്ലാം നെഗറ്റീവാണെന്നും പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി പരിശോധിച്ച 71 സാമ്പിളുകളും നെഗറ്റീവാണ്. പോസിറ്റീവായി ചികിത്സയിലുള്ള നാലു പേരില്‍ യുവാക്കളായ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നു. കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 13ന് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച ചിലയിടങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ഇത് വരെ 218 സാമ്പിളുകളാണ് പരിശോധിച്ചത്. തിങ്കളാഴ്ച കണ്ടെത്തിയ 37 പേരടക്കം 1270 പേരാണ് ആകെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 136 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈറിസ്‌ക് പട്ടികയില്‍ ഏറ്റവും കൂടുതല്‍ സംശയിച്ച സാമ്പിളുകള്‍ പോലും നെഗറ്റീവായി. ഏറ്റവുമൊടുവില്‍ പോസിറ്റീവ് ആയ വ്യക്തിയുടെ ഏറ്റവും അടുത്ത സമ്പര്‍ക്കമുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നല്ല ലക്ഷണങ്ങള്‍ ഉണ്ടായിട്ടും നിപ്പയല്ല എന്ന് പരിശോധനയില്‍ കണ്ടെത്തി. രണ്ടാമത് പോസിറ്റീവായ വ്യക്തിയുടെ കൂടെ കാറില്‍ സഞ്ചരിച്ച വളരെ സമ്പര്‍ക്കമുള്ള വ്യക്തിയും നെഗറ്റീവാണ്.

sameeksha-malabarinews

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്തുന്നതിന് പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വളരെയധികം സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ പോലീസിന്റെ സേവനം നല്ല രീതിയില്‍ ഉണ്ടായെന്ന് മന്ത്രി എടുത്തുപറഞ്ഞു. ആദ്യത്തെ കേസില്‍ ഉള്‍പ്പെട്ടയാള്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 21 ദിവസം മുമ്പ് സഞ്ചരിച്ചതിന്റെ മാപ്പ് പോലീസ് വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം റൂട്ട് മാപ്പില്‍ ഉള്‍പ്പെടാത്ത ലോ റിസ്‌ക് കോണ്‍ടാക്ട് ഉള്‍പ്പെടെ തിരിച്ചറിയുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും സഹായിച്ചു.

മൃഗസംരക്ഷണ മേഖലയിലെ പഠനത്തിനായി വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയില്‍ കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ വകുപ്പുകള്‍ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ നടത്തുന്ന സര്‍വൈലന്‍സ് കൂടാതെ മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരന്തരമായി കമ്മ്യൂണിറ്റി സര്‍വൈലന്‍സ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അസ്വാഭാവിക കാര്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടോ എന്ന് പരിശോധിക്കും. 47605 വീടുകളില്‍ ഗൃഹ സന്ദര്‍ശനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേന്ദ്രസംഘത്തിലെ മൂന്ന് പേര്‍ തിങ്കളാഴ്ച മടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഒരു സംഘം ഇവിടെ തുടരും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!