നെയ്മര്‍ ഇനി അല്‍ ഹിലാല്‍ താരം

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്‌നിന്റെ (പി.എസ്.ജി) ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും ഇനി സൗദി പ്രോ ലീഗില്‍. സൗദിയിലെ അല്‍ ഹിലാല്‍ ക്ലബ് പി.എസ്.ജിയുമായി ധാരണയിലെത്തിയതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 90 ദശലക്ഷം യൂറോക്കാണ് കരാര്‍. രണ്ടു വര്‍ഷം താരം അല്‍ ഹിലാല്‍ നിരയിലുണ്ടാകും. റൂബന്‍ നെവസ്, ഖാലിദു കൗലിബാലി, സെന്‍ഗേജ് മിലിങ്കോവിച് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമില്‍ നെയ്മര്‍ക്കൊപ്പമുണ്ടാകും

അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെയ്മര്‍ അല്‍ ഹിലാലുമായി ഉടന്‍ കരാര്‍ ഒപ്പുവെച്ചേക്കുമെന്ന് ട്രാന്‍സ്ഫര്‍ ലോകത്തെ വിദഗ്ധനായ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയും ട്വീറ്റ് ചെയ്തിരുന്നു. അല്‍ഹിലാല്‍ രണ്ടു വര്‍ഷത്തെ കരാറിനായുള്ള ഔപചാരിക രേഖകള്‍ തയാറാക്കുകയാണെന്നും മെഡിക്കല്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടെ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും റൊമാനോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

2017ല്‍ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയത്. 173 മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയിട്ടുണ്ട്. പി.എസ്.ജിയില്‍നിന്ന് സീസണിന്റെ തുടക്കത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി അമേരിക്കയിലെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും അവിടെയെത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top