ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വേഷം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും പിന്നീട് പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാരനേയും അക്രമി വെടിവച്ച് കൊന്നു. തുടര്‍ന്ന് ഇയാള്‍ കടയ്ക്കുള്ളിലേക്ക് കയറി കൂടുതല്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



