ഖത്തറില്‍ അടിയന്തര വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ പ്രത്യേക ട്രാഫിക്‌ സിസ്റ്റം

qutar newsദോഹ: അടിയന്തിര വാഹനങ്ങള്‍ക്ക് പച്ച ട്രാഫിക് ലൈറ്റുകള്‍ തിരഞ്ഞ് എളുപ്പത്തില്‍ കടന്നുപോകുവാന്‍ സഹായിക്കുന്ന പുതിയ ഇലക്ട്രോണിക് സമ്പ്രദായം നിലവില്‍ വന്നു.
എമര്‍ജന്‍സി വെഹിക്കിള്‍ പ്രീഎംപ്ഷന്‍ സിസ്റ്റം (ഇ വി പി എസ്) എന്ന പുതിയ ഉപകരണം നഗരത്തിലെ ട്രാഫിക് സിഗ്നലുകളില്‍ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.
വിവിധ മേഖലകളിലായി 30 ട്രാഫിക് കവലകളിലായി സ്ഥാപിച്ചാണ് പദ്ധതിയുടെ ആദ്യപടി വിജയകരമാക്കിയത്.
പതിനഞ്ച് ആംബുലന്‍സുകളും 10 സിവില്‍ പ്രതിരോധ വാഹനങ്ങളുടേയും ട്രാഫിക് ലൈറ്റുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന റിമോട്ട് കണ്‍ട്രോളര്‍ ഡിവൈസുകള്‍ ഇതിലടങ്ങിയിരിക്കുന്നുണ്ട്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് എന്നിവരുമായി സഹകരിച്ചാണ് ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഏപ്രില്‍ മുതല്‍ സമ്പ്രദായം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 50 കവലകളില്‍ സ്മാര്‍ട്ട് സിസ്റ്റം സ്ഥാപിക്കുമെന്ന് റോഡ് അറ്റകുറ്റപ്പണി വിഭാഗം സുരക്ഷാപ്രവര്‍ത്തന ട്രാഫിക് നിയന്ത്രണ മേധാവി അസീസ് അല്‍ സാദ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതി നിലവില്‍ വരുന്നതോടെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാനും ജനങ്ങളുടെ അടിയന്തിര യാത്രാ സമയനഷ്ടം കുറയ്ക്കാനും സഹായിക്കും.
ഇതിന്റെ പ്രത്യേകത സിഗ്നലുകളെ ആശ്രയിച്ചല്ല, മറിച്ച് ട്രാഫിക് ലൈറ്റുകളെ അടിസ്ഥാനമാക്കിയുള്ള ജി പി എസ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനമെന്നതാണ്. ഈ ഉപകരണങ്ങള്‍ നൂറിലേറെ  മീറ്റര്‍ അകലെ നിന്നും അടിയന്തിരവാഹനങ്ങളെ  പിടിച്ചെടുത്ത് സിഗ്നലുകള്‍ പച്ചയാക്കി, വാഹനത്തിന് എളുപ്പത്തില്‍ കടന്നുപോകാന്‍ സഹായിക്കുന്നു.
വാഹനം കടന്നുപോകുന്ന ക്രോസ് റോഡുകളിലും ഇത് പ്രവര്‍ത്തിക്കും.
അടിയന്തിര വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മറ്റുവാഹനങ്ങള്‍ക്കുള്ള ചുവന്ന ലൈറ്റ് തെളിയിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
ആംബുലന്‍സ്, സിവില്‍ പ്രതിരോധ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തങ്ങള്‍ക്കു നല്‍കിയ റിമോട്ട് കണ്‍ട്രോളിന്റെ ബട്ടണ്‍ അമര്‍ത്തുകവഴി ഇളംപച്ച ട്രാഫിക് ലൈറ്റ് തെളിയിച്ച്  യാത്ര എളുപ്പമാക്കാം.
അടിയന്തിര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇതിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്.
ഇ വി പി എസിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി പ്രത്യേക കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും  അല്‍ സാദ പറഞ്ഞു.
അല്‍ സാദയെക്കൂടാതെ ലഫ് കേണല്‍ ജമാല്‍ ഉമര്‍ അല്‍ അജ്മി, സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഓപ്പറേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രണ്ടന്‍ ഡേവിഡ് മോറിസ്, എച്ച് എം സി ആംബുലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •