പുറത്തൂർ പടിഞ്ഞാറേക്കരയിൽ പുതിയ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

HIGHLIGHTS : New Maveli Super Store opens in Paternoor, Padinjarekkara

തിരൂർ:പുറത്തൂർ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കരയിൽ പുതുതായി അനുവദിച്ച മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്‌തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ.അനിൽ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന ഗവൺമെന്റ് പൊതുജനങ്ങൾക്ക് ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്ന നടപടി ഊർജ്ജിതമാക്കിയിരിക്കുകയാണ്. 1631 മാവേലി സൂപ്പർമാർക്കറ്റുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നു.

‘ഈ ഗവൺമെന്റ് വന്നതിനുശേഷം നൂറിലധികം മാവേലി സ്റ്റോറുകൾ പുതുതായി ആരംഭിക്കാൻ സാധിച്ചു. ഒരെണ്ണം പോലും അടച്ചു പൂട്ടേണ്ട ഗതിയില്ലാതെയും ഒരാളെയും പിരിച്ചുവിടാതെയും സ്റ്റോറുകൾ മുന്നോട്ടുകൊണ്ടുപോകാനായി. ഗ്രാമാന്തരങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നവംബർ മുതൽ നടപ്പിലായ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. വെളിച്ചെണ്ണ അടക്കമുള്ള വില കൂടുതലുള്ള ഉത്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ സബ്സിഡി നിരക്കിൽ നൽകാൻ മാവേലി സ്റ്റോറുകൾക്കായി’- ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡോ. കെ. ടി ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീറിന് നൽകിക്കൊണ്ട് നിർവഹിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജർ ജി. സുമ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുറത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ. ഉമ്മർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.ടി. പ്രശാന്ത്, വാർഡ് മെമ്പർ ഹസ്പ്ര യഹിയ, കൂടാതെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എ. സജാദ് നന്ദി പറഞ്ഞു.

പടിഞ്ഞാറേക്കര നായർ തോടിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ വന്നതോടെ പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ താണ്ടി കൂട്ടായിയിലേക്ക് പോകേണ്ട സാഹചര്യം ഇനിയില്ല. 25 ഓളം ഉത്പന്നങ്ങളാണ് സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്. 5% മുതൽ 50 ശതമാനം വരെ സബ്സിഡി നിരക്കിലാണ് ഇവ നൽകി വരുന്നത്.


മലബാറി
ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!