മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. ഞായറാഴ്ച രാവിലെ 9.30ന് പരിപാടി ആരംഭിക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യും.
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികള്‍ നടക്കും. ജനപ്രതിനിധികളും സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളില്‍ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയും സ്‌കൂള്‍ തലം വരെയും ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ആറിന് സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളുടെ ക്ളാസ് റൂം ഡിബേറ്റ് സംഘടിപ്പിക്കും. ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പി.ടി.എ, എം.പി.ടി.എ, വികസന സമിതി എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി നടക്കും. 8 മുതല്‍ 12 വരെ ക്ളബുകള്‍, ഹോസ്റ്റലുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. വിവിധ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. 9ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്ടോബര്‍ 14 വരെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ പക്ഷാചരണത്തിലും ലഹരിവിരുദ്ധ പ്രചാരണം നടക്കും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് വൈകിട്ട് 4 മുതല്‍ 7വരെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ് നടക്കും.
ഒക്ടോബര്‍ 15 മുതല്‍ 22 വരെ അതിഥി തൊഴിലാളികള്‍ക്കിടയിലും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും ശക്തമാക്കും. ഒക്ടോബര്‍ 16 മുതല്‍ 24 വരെ തീരദേശ മേഖലയിലും പ്രത്യേകമായ പ്രചാരണം വിവിധ സംഘടനകളുടെയും ഫിഷറിസ് വകുപ്പിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കും. ഒക്ടോബര്‍ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഒക്ടോബര്‍ 23, 24 തീയതികളില്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. വ്യാപാരികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25ന് വ്യാപാര സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കും.
ഒക്ടോബര്‍ 28ന് എന്‍സിസി, എന്‍എസ്എസ്, എസ് പി സി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരവു നടത്തും.
നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. സ്‌കൂളുകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ജനപ്രതിനിധികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. പദ്ധതിയുടെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 30, 31 തീയതികളില്‍ വ്യാപകമായ വിളംബരജാഥകള്‍ സംഘടിപ്പിക്കും. ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസാമുദായിക സംഘടനകള്‍, വ്യാപാരികള്‍, യുവജനവിദ്യാര്‍ഥി സംഘടനകള്‍, അധ്യാപക-ജീവനക്കാരുടെ സംഘടനകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.




