Section

malabari-logo-mobile

പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂര്‍ ചളിക്കല്‍ കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി

HIGHLIGHTS : 32 new houses for flood victims in nilambur chalikkal colony വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


നിലമ്പൂര്‍ ; സംസ്ഥാനത്തെ ഭൂമിയും വീടുമില്ലാത്ത ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍ കൊല്ലിയില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചാ വ്യാധികളും സംസ്ഥാനത്ത് തുടര്‍ച്ചയായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലും കോവിഡ് പ്രതിരോധത്തിനൊപ്പം ജനങ്ങള്‍ക്ക് ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചളിക്കല്‍ കോളനി പുനരധിവാസം മാതൃകാപരമായ പദ്ധതിയാണെന്നും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പോത്തുകല്ല് ഫാമിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചളിക്കല്‍ കോളനി മൂപ്പന്‍ വെളുത്തവെള്ളന് പി.വി അന്‍വര്‍ എം.എല്‍.എ വീടുകളുടെ താക്കോല്‍ കൈമാറി.

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും അസാധാരണമായ നാശനഷ്ടമാണുണ്ടായത്. കവളപ്പാറ ദുരന്തത്തെ ഇപ്പോഴും വേദനയോടെ മാത്രമേ ഓര്‍ക്കാനാകു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കോവിഡ് മഹാമാരി. കോവിഡ് ചെറുക്കുന്നതിനിടയില്‍ വികസനവും നിയമവും നടപ്പാക്കുന്നു. പ്രളയാനന്തര പുനര്‍നിര്‍മാണം, പെന്‍ഷന്‍, അടിസ്ഥാന സൗകര്യം, പട്ടികവര്‍ഗ വികസനം, ഇതെല്ലാം ഒരു മുടക്കവുമില്ലാതെ സര്‍ക്കാര്‍ നടപ്പാക്കും. വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലാണ്. ഏതെങ്കിലും വിഭാഗം പിന്തള്ളപ്പെട്ടുപോയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരില്‍ നിന്നും ലഭിക്കുന്ന പിന്തുണ തുടര്‍ന്നും ഉണ്ടാവണം. ഈ കാലത്തെയും നാം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി -പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍, റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുഗതന്‍, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്‍, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, സബ് കലക്ടര്‍ കെ എസ് അഞ്ജു, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് നെറ്റ് വര്‍ക്ക് ഹെഡ് ജോസ് കെ മാത്യു, ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ ഹെഡ് രാജു ഹോര്‍മിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2019ലെ പ്രളയത്തില്‍ ചാലിയാറിന്റെ പോഷകനദിയായ നീര്‍പ്പുഴ കര കവിഞ്ഞൊഴുകിയാണ് പട്ടികവര്‍ഗ്ഗത്തിലെ പണിയ വിഭാഗത്തില്‍ പെട്ട 34 കുടുംബങ്ങള്‍ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കല്‍ കോളനി തകര്‍ന്നത്. ആദിവാസി പുനരധിവാസ വികസന മിഷന്റെ പദ്ധതി പ്രകാരം ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ വികസനവകുപ്പും എടക്കര വില്ലേജില്‍ ചെമ്പന്‍കൊല്ലി മലച്ചിയില്‍ വാങ്ങിയ 2.1327 ഹെക്ടര്‍ ഭൂമിയില്‍ ഫെഡറല്‍ ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയിലാണ് കോളനി നിവാസികള്‍ക്കായി 34 വീടുകള്‍ നിര്‍മിച്ചത്. ഭവന നിര്‍മാണത്തിനായി ഫെഡറല്‍ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 1,72, 31500 രൂപയുമാണ് ചെലവഴിച്ചത്.

ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളില്‍ വൈദ്യുതി കണക്ഷന്‍, കുടിവെള്ളം, ചുറ്റുമതില്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കളിസ്ഥലം, ശ്മശാനം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റി വച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!