Section

malabari-logo-mobile

പുതിയ അദ്ധ്യയന വർഷം: സ്കൂൾ അങ്കണങ്ങൾ വരവേൽപ്പിനൊരുങ്ങി

HIGHLIGHTS : New academic year: Schoolyards ready to welcome

ഫോട്ടോ : മോഹന്‍ ചാലിയം

കോഴിക്കോട് : പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. സ്ക്കൂളുകളും പരിസരങ്ങളും ശുചീകരിക്കുന്ന പവൃത്തികൾ ധൃതഗതിയിൽ നടന്നു വരികയാണ്. ശുചിമുറികൾക്കും അടുക്കള, കുടിവെള്ളം എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകിയാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്. കൂടാതെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും ചായം പൂശലും നടക്കുന്നുണ്ട്. ജല പരിശോധന, ആരോഗ്യ പരിശോധന, ഡ്രൈവർമാരുടെ ശാരീരിക ക്ഷമത, വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ പരിശോധന തുടങ്ങിയവയും ഉറപ്പാക്കുന്നുണ്ട്. പാഠപുസ്തക വിതരണത്തിൽ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയാണ് മുന്നിൽ. പാഠപുസ്തക വിതരണം 93 ശതമാനം പൂർത്തികരിച്ചിട്ടുണ്ട്. മാസാവസാനത്തോടെ മുഴുവൻ പുസ്തകങ്ങളുടെയും വിതരണം പൂർത്തിയാക്കും. കുടുംബശ്രീ മുഖേനയാണ് അതാത് സ്‌കൂൾ സൊസൈറ്റികൾക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. ജില്ലയിലെ 333 സൊസൈറ്റികളിൽ നിന്നായി സ്കൂളുകൾ നേരിട്ട് വന്ന് പുസ്തകങ്ങൾ ശേഖരിക്കുകയാണ്. യൂണിഫോം വിതരണവും ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കുള്ള പരിശീലനങ്ങൾ മേയ് 16 മുതൽ 20 വരെ ആദ്യ സ്‌പെൽ പൂർത്തീകരിച്ച് രണ്ടാം സ്പെൽ ആരംഭിച്ചു. വിവിധ ക്ലാസുകളിലേക്കുള്ള പ്രമോഷൻ മേയ് രണ്ടിന് തന്നെ പൂർത്തിയായി.

sameeksha-malabarinews

കൂടാതെ “എന്റെ കുട്ടി പൊതുവിദ്യാലയത്തിൽ ; അദ്ധ്യാപകർ വീടുകളിലേക്ക്” ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാണ്. 17 ഉപജില്ലകളിലും മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും പ്രധാനാദ്ധ്യാപകരുടെ യോഗങ്ങൾ പൂർത്തിയായിട്ടുണ്ട്. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാതല പി.ടി.എ സംഗമങ്ങളും പുരോഗമിക്കുകയാണ്. സ്റ്റാഫ് മീറ്റിംഗുകളും എസ്.ആർ.ജി യോഗങ്ങളും ചേർന്ന് അക്കാഡമിക് മാസ്റ്റർ പ്ലാൻ, മറ്റ് സൂക്ഷ്മതല ആസൂത്രണങ്ങളും നടത്തി വരുന്നു.

ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസ് സ്ക്കൂളിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. തോട്ടത്തിൽ രവിന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ഡി.ഡി.ഇ.മനോജ് മണിയൂർ കുട്ടികളെ വരവേൽക്കും.

ജില്ല , സബ് ജില്ല , പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ, സ്‌ക്കൂൾ തലത്തിലുള്ള പ്രവേശനോത്സവങ്ങൾ പ്രത്യേകം നടക്കും.

ഇതിനായി എല്ലാ വിദ്യാലയങ്ങളിലും സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!