
ജനീവ: ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസംഗം ബഹിഷ്‌കരിച്ച് നിരവധി രാജ്യങ്ങള്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാള്‍ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. നെതന്യാഹു വേദിയിലേക്ക് കയറിയപ്പോള്‍ കൂക്കിവിളിയുമുണ്ടായി.
ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചിട്ടില്ലെന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നും നെതന്യാഹു പറഞ്ഞു.
‘ഇസ്രയേല്‍ ജനത ബന്ദികള്‍ക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ ഇസ്രയേല്‍ മറന്നിട്ടില്ല. ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആയുധങ്ങള്‍ താഴെവയ്ക്കണം. അതുവരെ ഇസ്രയേല്‍ തിരിച്ചടി തുടരും. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണ്. അത് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കും. പലസ്തീന്‍ അതോറിറ്റി ഹമാസിന് തുല്യമാണ്’: നെതന്യാഹു പറഞ്ഞു. ഇറാന്‍ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകര്‍ക്കാന്‍ ഇസ്രയേലിനും അമേരിക്കന്‍ സൈന്യത്തിനും സാധിച്ചെന്നും ട്രംപിന്റെ ധീരവും നിര്‍ണായകവുമായ നടപടിയാണെന്നും നെതന്യാഹു പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



