ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി എം പി സാക്ഷി മഹാരാജ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി രാഷ്ട്രീയം കലക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാക്ഷി മഹാരാജിനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ബി ജെ പി ഈ ദുരന്തത്തില്‍ വര്‍ഗീയതയും രാഷ്ട്രീയവും കലര്‍ത്താന്‍ ശ്രമിക്കുകയാണ് – കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ട്ടി വക്താവ് സുഷ്മിത ദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഹുല്‍ കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയത് കാരണമാണ് ഭൂകമ്പമുണ്ടായത് എന്നായിരുന്നു നേരത്തെ സാക്ഷി മഹാരാജ് പറഞ്ഞത്.
ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സാക്ഷി മഹാരാജ് രാഹുല്‍ കേദാര്‍നാഥില്‍ പോയതാണ് ഭൂകമ്പത്തിന് കാരണമെന്ന് പറഞ്ഞത്. തന്റെ വാക്കുകളിലൂടെ കേദാര്‍നാഥിലെ ഭഗവാനെ നിസാരവല്‍ക്കരിക്കുകയും അപകടത്തില്‍ പെട്ട ആളുകളെ കളിയാക്കുകയും ചെയ്യുകയാണ് സാക്ഷി മഹാരാജ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇയാള്‍ നേരത്തെ ഹിന്ദു സ്ത്രീകളോട് പത്ത് കുട്ടികളെ പ്രസവിക്കാന്‍ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.




