Section

malabari-logo-mobile

ലഹരിക്കെതിരെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യം: ചീഫ് സെക്രട്ടറി

HIGHLIGHTS : Need for coordinated action against drug addiction: Chief Secretary

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും കുട്ടികളുടെ പുനരധിവാസവും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന സംസ്ഥാന തല കര്‍ത്തവ്യവാഹകരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി ‘

സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട അതിസങ്കീര്‍ണമായ വിഷയമാണ് ലഹരിക്കെതിരായ പ്രതിരോധവും പുനരധിവാസവും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ പോലീസ്, എക്സൈസ് വകുപ്പുളടക്കമുള്ളവരുടെ ഏകോപനം ശക്തമാക്കും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ സുപ്രധാന അജണ്ടയാണ് ലഹരിക്കെതിരായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നതിനാല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ സുപ്രധാന പരിഗണന വിഷയമാണിത്. കര്‍മമണ്ഡലത്തിന് പുറത്ത് ലഹരി വിമോചന കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, കൗണ്‍സലിംഗ് എന്നിവ അടക്കം നടത്തുന്ന സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. രണ്ടോ മൂന്നോവര്‍ഷം മുന്‍പുള്ള വെല്ലുവിളിയല്ല നമ്മള്‍ ലഹരിയുടെ കാര്യത്തില്‍ ഇന്ന് നേരിടുന്നത്. സിന്തറ്റിക് ലഹരിയെ സംബന്ധിച്ചടുത്തോളം കെമിക്കല്‍ സ്ട്രക്ച്ചര്‍ അനുദിനം മാറുന്നു. അതിനനുസരിച്ച് തലച്ചോറിലുണ്ടാകുന്ന ആഘാതം വ്യത്യസ്തമാകുന്നു. ഇതിനനുസരിച്ച് ചികില്‍സയടക്കം നിര്‍ദേശിക്കുക എന്നത് പുതിയ കാലത്തെ വെല്ലുവിളിയാണ്.

sameeksha-malabarinews

ലഹരി മുക്ത കേരളത്തിന് സര്‍ക്കാരുമായി സഹകരിക്കുന്നതിന് ഡോണ്‍ ബോസ്‌കോ പോലെയുള്ള എന്‍ ജി ഒ കളെ സ്വാഗതം ചെയ്യുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു. ബാലാവകാശ നിയമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന് നല്‍കി ചീഫ് സെക്രട്ടറി നിര്‍വഹിച്ചു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോണ്‍ ബോസ്‌കോ ബ്രഡ്‌സ് ഡ്രീം പ്രൊജക്റ്റ്, സ്റ്റേറ്റ് ഡയറക്ടര്‍, റവ. ഫാ. ഫിലിപ്പ് പരക്കാട്ട് ആമുഖഭാഷണം നടത്തി.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എന്‍. സുനന്ദ സ്വാഗതം ആശംസിച്ചു. തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, ബ്രഡ്‌സ് ബാംഗ്ലൂര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് പി. എസ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ജലജമോള്‍. റ്റി.സി എന്നിവര്‍ സംബന്ധിച്ചു.

മദ്യ മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണം, കുട്ടികളിലെ ലഹരി ഉപയോഗം, ലഹരിക്കടിമപ്പെട്ടുപോകുന്ന കുട്ടികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേരളത്തിലെ പ്രധാനപ്പെട്ട കര്‍ത്തവ്യവാഹകരുടെ ഒരു യോഗമാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ഡോണ്‍ ബോസ്‌കോ ബ്രെഡ്‌സ് ഡ്രീം പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും, സര്‍ക്കാരിതര സംഘടനകളിലും, കുട്ടികളിലെ മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരുപയോഗവും ആസക്തിയും തടയുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കര്‍ത്തവ്യവാഹകര്‍ ശില്പശാലയില്‍ പങ്കെടുത്തു. മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ടുപോയ കുട്ടികള്‍ക്കുള്ള സംരക്ഷണവും പുനരധിവാസവും എപ്രകാരം സാധ്യമാക്കാം, ലഹരിക്കെതിരായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍, കര്‍ത്തവ്യവാഹകരുടെ ഇടപെടലുകള്‍, നിര്‍ദ്ദേശങ്ങള്‍, എത്ര പേര്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു, ഭാവി പരിപാടികള്‍ എന്തൊക്കെയാണ് എന്നീ വിഷയങ്ങള്‍ ഏകദിന ശില്‍പ്പശാല ചര്‍ച്ച ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!