Section

malabari-logo-mobile

ദേശീയപാത ഭൂമി ഏറ്റെടുക്കല്‍: വിചാരണ ഓഗസ്റ്റ് മൂന്ന് മുതല്‍

HIGHLIGHTS : നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല

മലപ്പുറം: ദേശീയപാത വികസനത്തിനായി തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ നിന്നായി ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട 3G(3)  വിചാരണ ഓഗസ്റ്റ് മൂന്ന് മുതല്‍ 24 വരെ താഴെ കോഴിച്ചെനയിലുളള ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിചാരണക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാല്‍ മുഖേന അയച്ചാല്‍ മതി. വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. നേരിട്ടോ ചുമതലപ്പെടുത്തിയ ആള്‍ക്കോ വിചാരണയില്‍ പങ്കെടുക്കാം. സര്‍വെ നമ്പര്‍ പ്രകാരം ഭൂ ഉടമകള്‍ ഹാജരാകേണ്ട തീയതി, സമയം, ഹാജരാക്കേണ്ട രേഖകള്‍, ഫോമുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.malappuram.nic.in/ www.malappuram.gov.inല്‍ ലഭിക്കും. ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം തപാലില്‍ അയച്ച് നല്‍കി ഏറ്റെടുക്കുന്ന ഭൂമിയിലും കുഴിക്കൂര്‍ ചമയങ്ങളിലുമുളള അവകാശം സ്ഥാപിച്ചെടുക്കാം.  കോവിഡ്-19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കിയുമാണ് വിചാരണ നടത്തുന്നത്.  ശരീര ഊഷ്മാവ് പരിശോധിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും വിചാരണ ഹാളിലേക്ക് ഭൂ ഉടമകളെ കടത്തി വിടുക.  ‘ബ്രേക്ക് ദി ചെയിന്‍’  കാമ്പയിനിന്റെ ഭാഗമായി  സാനിറ്റൈസര്‍ ലഭ്യമാക്കും. ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്,   സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് വിചാരണ നടത്തുന്നത്.

സാമൂഹിക അകലം പാലിക്കുന്നതിലേക്കായി ഒരു മണിക്കൂര്‍ പരമാവധി 20 ഭൂ ഉടമസ്ഥരെയാണ് വിചാരണയ്ക്ക് നിശ്ചയിച്ചിട്ടുളളത്.  വിചാരണ നടത്തുന്നതിലേക്കായി ആറ് കൗണ്ടറുകളും, അന്വേഷണം, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായി അഞ്ച് കൗണ്ടറുകളും സജ്ജീകരിക്കും.  നേരിട്ടുളള ഇടപെടല്‍ ഒഴിവാക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും രേഖകള്‍ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കില്‍ അവ ഹാജരാക്കുന്നതിന് സമയം അനുവദിക്കും. കൃത്യമായ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് ആവശ്യമായ  പരിശോധനയ്ക്ക് ശേഷം ദേശീയപാത അതോറിറ്റിയില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യും. രേഖകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വരുന്നവര്‍ക്ക് നിശ്ചിത തീയതിക്ക് ശേഷം ഭൂ വിലയിന്‍മേലുളള വര്‍ധനവ് അനുവദിക്കുന്നതല്ല.  2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പട്ടിക-ഒന്ന് പ്രകാരമായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.  പട്ടിക-രണ്ട് പ്രകാരം പുനരധിവാസത്തിനുളള ധനസഹായവും അര്‍ഹരായവര്‍ക്ക് അനുവദിക്കും. നിയമപ്രകാരം അനുവദിക്കാവുന്ന പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും.  എല്ലാ ഭൂ ഉടമസ്ഥരും വിചാരണയുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

വിചാരണയ്ക്ക് ഹാജരാക്കേണ്ട രേഖകള്‍

· ഒറിജിനല്‍ ആധാരം/പട്ടയം
· അടിയാധാരം/ പട്ടയം
· നികുതി രശീതി (2020-21)
· കൈവശ സര്‍ട്ടിഫിക്കറ്റ്
· നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്
· കുടിക്കട സര്‍ട്ടിഫിക്കറ്റ്
· കെട്ടിട നികുതി രശീതി
· ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
· അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്
· ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ്
· പാന്‍ കാര്‍ഡ്
· ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.സി കോഡ് സഹിതം)
· ആധാര്‍ കാര്‍ഡ്
· പവര്‍ ഓഫ് അറ്റോര്‍ണി (ആവശ്യമെങ്കില്‍ മാത്രം)
· ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!