ദേശീയപാത നിര്‍മാണം: പൊടിശല്ല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണം;ജില്ലാ വികസന സമിതി

HIGHLIGHTS : National Highway Construction: Urgent action should be taken to solve the dust problem; District Development Committee

careertech

കോഴിക്കോട്:ദേശീയപാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡുകളില്‍ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. സര്‍വീസ് റോഡുകളില്‍ പൊടി ഉയരുന്ന പ്രദേശങ്ങളില്‍ നല്ല രീതിയില്‍ ടാറിംഗ് ചെയ്തോ ഇടവിട്ട് വെള്ളം തളിച്ചോ പ്രശ്നം പരിഹരിക്കണമെന്ന് ശനിയാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊടിശല്യം മൂലം യാത്രക്കാരും റോഡിന് വശത്തെ സ്‌കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രയാസം അനുഭവിക്കുന്നതായി കാനത്തില്‍ ജമീല എംഎല്‍എ പറഞ്ഞു. പൊടി ശല്യം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളില്‍ പട്ടയം വിതരണം നടന്ന് മൂന്നു വര്‍ഷത്തിലേറെയായിട്ടും ഉടമസ്ഥരില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഇതുകാരണം അവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനോ ബാങ്കില്‍ നിന്ന് വായ്പ എടുക്കാനോ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം, നെല്ല്യാടി മേപ്പയ്യൂര്‍ റോഡ്, അകലാപുഴ പാലം ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര ഹൈവേയുടെ ഭാഗമായ പേരാമ്പ്ര – നാദാപുരം റീച്ച്, ശവര്‍മുഴി പാലം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

sameeksha-malabarinews

പി എം ജെ എസ് വൈ റോഡുകളുടെ പ്രവര്‍ത്തികള്‍ പരാതിക്കിടയില്ലാതെ നടപ്പാക്കണം എന്ന് കെ എം സച്ചിന്‍ ദേവ് എംഎല്‍എ ആവശ്യപ്പെട്ടു. നമ്പികുളം ഇക്കോ ടൂറിസ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. തിരുവങ്ങൂര്‍ മുതല്‍ നന്തി പാലം വരെയുള്ള റോഡിന്റെ മോശപ്പെട്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

കുന്നുമ്മേല്‍ വോളിബോള്‍ അക്കാദമി, പുറമേരി ഇന്‍ഡോര്‍‌സ്റ്റേഡിയം എന്നിവ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. തിക്കോടി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ ആവശ്യപ്പെട്ടു.

ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പിടിഎ റഹീം, കാനത്തില്‍ ജമീല, ഇ കെ വിജയന്‍, ലിന്റോ ജോസഫ്, കെ എന്‍ സച്ചിന്‍ദേവ്, അസി. കളക്ടര്‍ ആയുഷ് ഗോയല്‍, ഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി പി സുധീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!