ഗഫൂര്‍ തിരൂരങ്ങാടി
തിരൂരങ്ങാടി:സര്‍വ്വീസ് റോഡിലൂടെ വരുന്ന ചെറുവാഹനങ്ങളുടെ ‘വഴിമുടക്കി’ദേശീയപാത അധികൃതര്‍. കക്കാട് കൂരിയാട് പാലത്തിനടുത്താണ് ‘വിചിത്രമായ ബോര്‍ഡ് സ്ഥാപിച്ചത്.
കക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് വഴിമുടക്കിക്കൊണ്ടാണ് അധികൃതരുടെ മുന്നറിയിപ്പ് ബോര്‍ഡ്.
ഇരുചക്ര വാഹനങ്ങള്‍,മുച്ചക്ര വാഹനങ്ങള്‍,ട്രാക്ടര്‍,കാല്‍നടയാത്രക്കാര്‍ എന്നിവര്‍ക്ക് റോഡിലൂടെയുള്ള യാത്ര നിഷേധിച്ചുകൊണ്ടാണ് ഇന്നലെ ഉച്ചക്ക് ശേഷമാണ് ബോര്‍ഡ് സ്ഥാപിച്ചത്.
പരപ്പനങ്ങാടി,നാടുകാണി ദേശീയപാത കടന്നുപോകുന്ന വഴിയാണിത്.
ജനങ്ങള്‍കുടെ ആവശ്യം മുഖവിലയ്ക്കെടുക്കാതെ,ദേശീയപാതാ നവീകരണത്തില്‍ കൂരിയാട് പഴയ പാലം നിലനിര്‍ത്തുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ പാലം വീതി കുറവാണ്.അതുകൊണ്ടുതന്നെ
കക്കാട് നിന്നും കൂരിയാട് പാലത്തിനുസമീപം എത്തുമ്പോള്‍ മൂന്നുവരിപ്പാത രണ്ടുവരിപ്പാതയായി ചുരുങ്ങുന്നുണ്ട്. ഇത് ഭാവിയില്‍ വന്‍ അപകടങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് ജനങ്ങള്‍ നേരത്തെത്തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുകയും,പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിരോധന ബോര്‍ഡ് സ്ഥാപിച്ചത്.
ഇവിടെ സര്‍വ്വീസ് റോഡ് ഇല്ലാത്തതിനാല്‍ത്തന്നെ തിരൂര്‍,പരപ്പനങ്ങാടി,ചെമ്മാട് ഭാഗങ്ങളിനിന്നും സര്‍വ്വീസ് റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ദേശീയപാത രണ്ടുവരിപ്പാതയില്‍ കയറിയാല്‍ മാത്രമേ അപ്പുറത്തുള്ള സര്‍വ്വീസ് റോഡിലേക്ക് കയറാന്‍ സാധിക്കൂ.
ഇവിടെ നിരോധനം പ്രാബല്യത്തില്‍വന്നാല്‍ ഇതുവഴിയുള്ള യാത്രമുടങ്ങുകയും ജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും.വിഷയത്തില്‍ വന്‍ പ്രതിഷേധം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.



