Section

malabari-logo-mobile

‘ദേശീയ അവാര്‍ഡ് മക്കള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നു’, നന്ദി അറിയിച്ച് സൂര്യ

HIGHLIGHTS : 'National award is dedicated to children and family', Surya thanked

68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയതിന് നന്ദി അറിയിച്ച് സൂര്യ. ‘സൂരരൈ പോട്ര്’ എന്ന സിനിമയിലെ അഭിനയത്തിനാണ് 2020ലെ മികച്ച നടനായി ദേശീയ തലത്തില്‍ സൂര്യ അംഗീകരിക്കപ്പെട്ടത്. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം അറിയിച്ച് കുറിപ്പ് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ. മക്കളായ ദിയയ്ക്കും ദേവിനും കുടുംബത്തിനും താന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് സൂര്യ കുറിപ്പില്‍ പറഞ്ഞു.

സ്‌നേഹത്തിനും ആശംസകള്‍ക്കും ഹൃദയംഗമായ നന്ദി അറിയിച്ചുകൊണ്ടാണ് സൂര്യയുടെ കുറിപ്പ് തുടങ്ങുന്നത്. ‘സൂരരൈ പോട്രി’ന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചത് വളരെ സന്തോഷമുണ്ടാക്കുന്നു. മഹാമാരിക്കാലത്ത് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിച്ചിരുന്നു. ദേശീയ അവാര്‍ഡ് നേട്ടത്തോടെ ഞങ്ങളുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.

sameeksha-malabarinews

ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥ സിനിമയാക്കുന്നതില്‍ സംവിധായിക സുധ കൊങ്കര കാട്ടിയ കഠിനാദ്ധ്വാനത്തിെന്റ ഫലമാണ് അവാര്‍ഡെന്നും സൂര്യ എഴുതി. അപര്‍ണ ബാലമുരളി (മികച്ച നടി, ജി വി പ്രകാശ് കുമാര്‍ (പശ്ചാത്തല സംഗീതം), സുധ കൊങ്കരയും ശാലിനി ഉഷ നായരും (മികച്ച തിരക്കഥ) അടക്കമുള്ള ‘സൂരരൈ പോട്രുവിനായി അവാര്‍ഡ് നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു. നമ്മുടെ സിനിമ പ്രാവര്‍ത്തികമാക്കുന്നതില്‍ ഒപ്പം നിന്ന എല്ലാ പ്രതിഭകളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് എന്നത്  വലിയ അംഗീകാരമാണ്.

എന്റെ അഭിനയത്തില്‍ വിശ്വാസമര്‍പ്പിച്ച് ആദ്യമായി സിനിമയില്‍ അവസരം നല്‍കിയ വസന്ത് സായ്, മണിരത്‌നം എന്നിവരോട് നന്ദി അറിയിക്കുന്നു. തനിക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് നേടിയ അജയ് ദേവ്ഗണിനും മറ്റ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഈ സിനിമ നിര്‍മിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ പ്രേരിപ്പിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. എന്നെ എപ്പോഴും പിന്തുണച്ച അച്ഛന്‍, അമ്മ, കാര്‍ത്തി ബൃന്ദ എന്നിവരോട് എന്റെ സ്‌നേഹം അറിയിക്കുന്നു. പുരസ്‌കാരം ഞാന്‍ എന്റെ മക്കളായ ദിയയ്ക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ എഴുതി. ആരാധകര്‍ക്കും ഇന്ത്യ സര്‍ക്കാരിനും സൂര്യ നന്ദി അറിയിച്ചിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!