റിപ്പോര്‍ട്ട് : ഹനീഫ ഇയ്യം മടക്കല്‍.
മലപ്പുറം: ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് കണ്ണൂരില്‍ നിന്നും ഒറ്റക്ക് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച നാജി നൗഷിക്ക് പെരിന്തല്‍മണ്ണയില്‍ ഗംഭീര സ്വീകരണം നല്‍കി. മുംബെ വരെ റോഡു മാര്‍ഗവും തുടര്‍ന്ന് കപ്പലിലും, ജിസിസി രാജ്യങ്ങളിലൂടെ റോഡുമാര്‍ഗവും ഒറ്റക്ക് യാത്ര ചെയ്ത് ഡിസംബര്‍ 10ന് ഖത്തറില്‍ എത്തുമെന്നാണു നാജി നൗഷി പ്രതീക്ഷിക്കുന്നത്.
രണ്ടുമാസത്തോളം നീണ്ടു നില്‍ക്കുന്ന നാജി നൗഷിയുടെ യാത്രയില്‍ കൂട്ടിന് ഓള് എന്നു പേരിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് മാത്രം. ജൂലൈ മുതല്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു നാജി. ഖത്തറില്‍ ലോക കാല്‍പന്തുകളിയുടെ ആരവം ഉയര്‍ന്നതോടെയാണ് ഇത്തരമൊരു ആഗ്രഹം മാഹിക്കാരി നാജിയുടെ ഉള്ളില്‍ ഉടലെടുത്തത്. അതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇന്ത്യന്‍ നിര്‍മ്മിത ഥാര്‍ ജീപ്പ്.
കടുത്ത അര്‍ജന്റീന ഫാനായ നാജിക്ക് യാത്രകള്‍ പോലെ കാല്‍പന്തും പ്രിയമാണ്. ലോറിയില്‍ ലിഫ്റ്റ് തേടി നേപ്പാളിലേക്കും, എവറസ്റ്റ് ബേസ് ക്യാംപിന്റെ നെറുകയിലേക്കും, ലക്ഷദ്വീപിലേക്കും ഒറ്റക്ക് മൂന്നു യാത്രകള്‍ നടത്തി. ഖത്തറിലടക്കം ബ്രാഞ്ചുകളുള്ള ടീ ടൈം ഒരുക്കിയ സ്വീകരണത്തില്‍ ചലിച്ചിത്രതാരം സിന്ദ്ര മുഖ്യാധിതിയായിരുന്നു. ടീ ടൈം മനേജ്‌മെന്റ് പ്രതിനിധികളായ ഹീനഫ താമരശ്ശേരി, മജിദ് കണ്ടപ്പത്ത്, അഷറഫ് സി പി, അമീര്‍ കാളികാവ് എന്നിവര്‍ പങ്കെടുത്തു.
മാഹി സ്വദേശിയായ നാജി, ഏഴു വര്‍ഷമായി ഒമാനിലാണ് താമസം. അഞ്ചു മക്കളുടെ മാതാവ് കൂടിയായ നാജി, മക്കളെ സ്വന്തം മാതാവിനെ ഏല്‍പ്പിച്ചാണ് തന്റെ സ്വപ്നങ്ങളിലേക്ക് വണ്ടി എടുത്ത് ഇറങ്ങിയത്. യാത്രയ്ക്കിടെ ഭക്ഷണവും വിശ്രമവുമെല്ലാം വാഹനത്തില്‍ തന്നെയാണ്. ടെന്റടിച്ച് കിടക്കാനും, ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള അടുക്കളയും ഥാറില്‍ സജ്ജമാണ്. ഡിസംബര്‍ 10ഓടെ ഖത്തറിലെ കളിക്കളത്തിനരികിലേക്ക് വണ്ടിയോടിച്ച് എത്താനാണ് നാജി നൗഷിയുടെ ലക്ഷ്യം.




