നാദാപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന തൂണേരിയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള വനിതാക്കമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കി.
യുവാവിന്റെ കൊലപാതകത്തെതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്കിടയില്‍ വീടുകള്‍ ആക്രമിക്കപ്പെടുകയും സ്വര്‍ണ്ണവും പണവുമുള്‍പ്പടെ കൊള്ളയടിക്കപ്പെട്ടതായും പാഠപുസ്‌തകങ്ങളും രേഖകളും മറ്റും തീവച്ചുനശിപ്പിച്ചതായും പരാതിയുള്ളതായി കമ്മീഷന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
സംഘര്‍ഷത്തെത്തുടര്‍ന്ന് മിക്ക വീടുകളിലെയും പുരുഷന്മാര്‍ നാട്ടില്‍നിന്നു മാറി നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ സ്‌ത്രീകളും കുട്ടികളും സുരക്ഷിതരല്ല. നിലവിലെ സാഹചര്യം ദുരുപയോഗപ്പെടുത്തി സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാനും കൊള്ളകള്‍ തുടരാനും ശ്രമം നടക്കുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വവും സമാധാനജീവിതവും ഉറപ്പുവരുത്താനും അക്രമപ്രവര്‍ത്തനങ്ങള്‍ തടയാനും ഇടപെടണമെന്ന് കമ്മിഷന്‍ ഡി.ജി.പിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.


