ദസറയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മൈസൂരു കൊട്ടാരം

ബെംഗളൂരു: ദസറയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മൈസൂരു കൊട്ടാരം. ഇന്നാണ് ദസറ ആഘോഷിക്കുക. ജംബോ സവാരിയുടെ രണ്ടാം റൗണ്ട് റിഹേഴ്സല്‍ ഇന്നലെ രാവിലെ കൊട്ടാരവളപ്പില്‍ വിജയകരമായി നടത്തി. ഹൗഡ ആന അഭിമന്യുവും കുംകി ആനകളായ ലക്ഷ്മിയും ഹിരണ്യയും പരിശീലനത്തില്‍ പങ്കെടുത്തു. കര്‍ണാടക ആംഡ് റിസര്‍വ് പോലീസിന്റെ (കെഎആര്‍പി) മൗണ്ടഡ് പോലീസും പോലീസ് ബാന്‍ഡും റിഹേഴ്സലില്‍ പങ്കെടുത്തിരുന്നു.

ജംബോ സവാരിക്ക് മുന്നോടിയായി, ഇന്ന്‌ ഉച്ചയ്ക്ക് 1.41നും 2.10നും ഇടയിലുള്ള മകര ലഗ്‌നത്തില്‍ കൊട്ടാരം വടക്കേ കവാടത്തില്‍ (ബാലരാമ കവാടത്തില്‍) നന്ദിധ്വജ പൂജ നടത്തും. വൈകുന്നേരം 4നും 4.30നും ഇടയില്‍ ഗോള്‍ഡന്‍ ഹൗഡയിലെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ജില്ലാ മന്ത്രി ഡോ.എച്ച്.സി. മഹാദേവപ്പ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുക്കും. ചാമുണ്ഡി ഹില്‍സില്‍ ജംബോ സവാരിക്കായി ചാമുണ്ഡേശ്വരിയുടെ ഉത്സവ മൂര്‍ത്തിയെ കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. മൈസൂരു കൊട്ടാരത്തിലെ നോര്‍ത്ത് ഗേറ്റ് മുതല്‍ ബന്നിമണ്ടപ്പിലെ ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് വരെ അഞ്ച് കിലോമീറ്റര്‍ നീളത്തിലാണ് സവാരി നടത്തുക. സവാരി റൂട്ടില്‍ റോഡിന്റെ ഇരുവശത്തുമുള്ള ഫുട്പാത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന്‌ രാവിലെ നടക്കുന്ന പരേഡില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഫ്‌ലോട്ട് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 4,500 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top