HIGHLIGHTS : My mom was also making fire breaks back then
എഴുത്ത്;
അബ്ദുൾ സലിം ഈ .കെ .സ്റ്റേഷൻ ഓഫീസർ , ഫയർ & റസ്ക്യു സ്റ്റേഷൻമലപ്പുറം .


സ്കൂൾ അവധിക്കാലമായാൽ ഉമ്മ ഞങ്ങളെ ആരെയെങ്കിലും കൂട്ടി കശുമാവുകൾ മാത്രമുള്ള ആ പറമ്പിലേക്ക് പോകും. കൊടുവാളും കശുവണ്ടി ഒടിക്കാൻ
ഓടകൊണ്ടുള്ള നീണ്ട തോട്ടിയും ഉമ്മയുടെ കൈയിൽ കാണും .
ഇപ്പോൾ മുക്കം സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷനും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പിൻഭാഗത്തായിരുന്നു ആ ചെറിയ തോട്ടം .
പറ്റാവുന്ന കൊമ്പിലൊക്കെ അള്ളിപ്പിടിച്ച് കയറി കുലുക്കി കശുവണ്ടി താഴെയിടലാണ് ഞങ്ങളുടെ ജോലി, എത്താത്തത് ഉമ്മ തോട്ടിയിട്ട് പറിക്കും.
നന്നായി ക്ഷീണിച്ച് തിരിച്ച് വീട്ടിലേക്ക് പോകാൻ ഞങ്ങൾ ധൃതി കൂട്ടുമ്പോൾ ഉമ്മ എവിടെ നിന്നെങ്കിലും നാളികേരത്തിന്റെ കുലച്ചിൽ സംഘടിപ്പിച്ച് പറമ്പിന്റെ അതിർത്തിയിൽ വീണു കിടക്കുന്ന ഇലകളൊക്കെ അടിച്ച് വാരി വൃത്തിയാക്കുന്ന തിരക്കിലാവും.
തൊട്ടടുത്ത് പി.ഡബ്ലിയു.ഡി പുറമ്പോക്കാണ്. പ്രദേശത്തു കാരുടെ മൊത്തം “ഓപ്പൺ എയർ ശൗചാലയം ” .
“ആരേലും ഒരു ബീഡിക്കുറ്റി കെട്ക്കാതെ ഇട്ടാ പറങ്ക്യാവ് ഒറ്റിം ബാക്കിണ്ടാവൂല ”
ഉമ്മയ്ക്ക് അതിന് ന്യായം പറയാനുണ്ട്.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് വീണ്ടും വരുമ്പോൾ എല്ലാം പഴയപടി ആയിട്ടുണ്ടാവും. എന്നാലും ഉമ്മ പഴയ അടിച്ച് വൃത്തിയാക്കൽ തുടരും…
റോഡിന്റെ വശങ്ങളിൽ കൂട്ടിയിടുന്ന മാലിന്യക്കൂമ്പാരത്തിന് ആരെങ്കിലും തീയിട്ട് അവിടെ ചിലപ്പോൾ തീ പടരാറുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പറമ്പിലേക്ക് ഒരിക്കലും തീ എത്തിയിരുന്നില്ല….
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിലെ ചൂട് അപ്രതീക്ഷിതമായി കൂടിവരികയാണ്. ഒരേ സമയം നാലും അഞ്ചും സ്ഥലങ്ങളിൽ നിന്നൊക്കെ ഗ്രൗണ്ട് ഫയർ അണയ്ക്കാൻ സഹായാഭ്യർത്ഥനകൾ വരാറുണ്ട് ഫയർ സ്റ്റേഷനിൽ .
തുടക്കത്തിൽ പതിയെ കാടും പൊന്തയുമൊക്കെ കത്തിയമരുന്നത് നോക്കിയിരുന്ന് അവസാനം ജനവാസ മേഖലകൾക്ക് ഭീഷണിയാവുമ്പോഴാണ് പലരും ഫയർ സ്റ്റേഷനിലേക്ക് വിളിക്കുന്നത്. വാഹനങ്ങൾ കയറിച്ചെല്ലാത്ത, വെള്ളം എത്തിക്കാനാവാത്ത ജൈവവൈവിധ്യങ്ങളുടെ കലവറയായ പല പ്രദേശങ്ങളും കൺമുന്നിൽ കത്തിയമരുന്ന നോക്കി നിൽക്കേണ്ടി വരാറുണ്ട്.അശ്രദ്ധമായി തീയെ കൈകാര്യം ചെയ്യാതിരിക്കുന്നതിലൂടെയും ശാസ്ത്രീയമായ മുന്നൊരുക്കങ്ങളിലൂടെയും നമ്മുടെ കാടും നാടും തീ അപായങ്ങളിൽ നിന്ന് നമുക്ക് സംരക്ഷിക്കാനാവും .
പറമ്പുകളിൽ വീണു കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്ന രീതി കഴിവതും സ്വീകരിക്കാതിരിക്കുക.
അഥവാ എന്തെങ്കിലും കത്തിക്കുന്നെങ്കിൽ പടരാനുള്ള സാധ്യത ഒഴിവാക്കാൻ ഫയർ ബ്രേക്കുകൾ ഒരുക്കിയ ശേഷം മാത്രം തീയിടുക, നല്ല ചൂടുകാലാവസ്ഥയിൽ ഉച്ച സമയങ്ങളിൽ കാറ്റുള്ളപ്പോൾ ഒന്നും തന്നെ തുറന്ന സ്ഥലങ്ങളിൽ വെച്ച് കത്തിക്കാതിരിക്കുക. തീയണക്കാൻ ആവശ്യമായ വെള്ളം കരുതി വെക്കുക. ഗ്രൗണ്ട് ഫയറുകൾ സുരക്ഷിതമായി അടിച്ച് കെടുത്താവുന്ന ഫയർ ബീറ്ററുകൾ ( മരക്കമ്പുകളിൽ കട്ടിയുള്ള തുണിയോ, ചണം കൊണ്ടുളള ചാക്കോ , ക്യാൻവാസ് പോലുള്ള വസ്തുക്കളോ കെട്ടിയുറപ്പിച്ച് നിർമ്മിക്കാം ) ഓരോ വീടുകളിലും തയ്യാറാക്കി വെക്കുക.
കാട്ടുതീയും “നാട്ടുതീയും ” തടയാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് പറയേണ്ടിവരുന്ന ബോധവൽക്കരണ ക്ലാസ്സുകളിലൊക്കെ ഞാനെന്റെ ഉമ്മയെക്കുറിച്ച് പറയാറുണ്ട്. അന്ന് മനസ്സിലായിരുന്നില്ലെങ്കിലും
ആദ്യമായി ഗ്രൗണ്ട് ഫയർ തടയാനായി ഫയർ ബ്രേക്കുകൾ ഉണ്ടാക്കി എനിക്കു കാണിച്ചു തന്നത് ഉമ്മയാണ്….
ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
