Section

malabari-logo-mobile

മുസ്‌ലിം പെണ്‍കുട്ടികളെ അടുക്കളയിലൊതുക്കാന്‍ അനുവദിക്കില്ല: കെ എം ഷാജി എം എല്‍ എ

HIGHLIGHTS : ഖത്തര്‍ കെ എം സി സി അഴീക്കോട് മണ്ഡലം കമ്മിറ്റി അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സംഘടിപ്പിച്ച 'ആദരവ് 2013' ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0e434_san_060313_shaji3ദോഹ: മുസ്‌ലിം പെണ്‍കുട്ടികളെ അടുക്കളയുടെ അകത്തളങ്ങളിലൊതുക്കാന്‍ അനുവദിക്കില്ലെന്ന് കെ എം ഷാജി എം എല്‍ എ. ഖത്തര്‍ കെ എം സി സി അഴീക്കോട് മണ്ഡലം കമ്മിറ്റി അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ‘ആദരവ് 2013’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ ഉന്നമനത്തിനായി മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് അശ്രാന്ത പരിശ്രമം നടത്തിയ പാര്‍ട്ടിയാണ് ലീഗ്. പെണ്‍കുട്ടികള്‍ പത്താംതരമെങ്കിലും പാസ്സാകണമെന്നത് പാണക്കാട് പൂക്കോയ തങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. തങ്ങളുടെ അവസാന പ്രസംഗത്തില്‍പോലും ഇക്കാര്യമാണ് ഊന്നിപ്പറഞ്ഞത്. പിന്നീട് മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സി എച്ച് മുഹമ്മദ് കോയ അക്ഷീണം പ്രവര്‍ത്തിച്ചു. ഇതിന്റെ ഫലമായി സമുദായത്തില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ ഉന്നത സ്ഥാനത്തെത്തി. അമേരിക്കക്കു പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത നക്ഷത്രത്തെ ഏറനാട്ടിലെ ഒരു മുസ്‌ലിം പെണ്‍കുട്ടി കണ്ടെത്തി. ഒരു കോടിയിലേറെ മാസാന്ത ശമ്പളം പറ്റുന്ന പെണ്‍കുട്ടികളും സമുദായത്തിലുണ്ടായി. അവരെ പിന്നെയും അടുക്കളയുടെ കരിപിടിച്ച അകത്തളങ്ങളില്‍ തളച്ചിടാന്‍ ആരു ശ്രമിച്ചാലും മുസ്‌ലിംലീഗ് അനുവദിക്കില്ലെന്ന് ഷാജി തുടര്‍ന്നു.
സമുദായത്തിന്റെ പേരിലുള്ള കോളെജുകള്‍ കോഴ വാങ്ങുകയാണെങ്കില്‍ ചവിട്ടിപ്പൊളിക്കണമെന്നും അദ്ദേഹം ആഹ്വാ നം ചെയ്തു. സമുദായത്തിന്റെ പേരില്‍ സ്ഥാപനങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് കച്ചവടം നടത്തുകയും ചെയ്യുകയാണ് പലരും. ഇത്തരം സ്ഥാപനങ്ങള്‍ അധ്യാപക നിയമനത്തിന് ഇരുപത്തിയഞ്ചും മുപ്പതും ലക്ഷമാണ് കോഴ വാങ്ങുന്നത്. പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്നും വന്‍ തുക കോഴ സ്വീകരിക്കുന്നു.
ഇത്തരം സ്ഥാപനങ്ങള്‍ ചവിട്ടിപ്പൊളിക്കുകയാണ് വേണ്ടത്. ആധുനിക സമൂഹത്തിന് പ്രതിബദ്ധത കുറഞ്ഞുവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തോടും മാതാപിതാക്കളോടുമുള്ള ഉത്തരവാദിത്വം പോലും ഇവര്‍ മറക്കുന്നു. ഇതിനൊരു മാറ്റം വരുത്താന്‍ യു ഡി എഫ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ‘അമ്മക്കൊരുമ്മ’ പദ്ധതി ഉടന്‍ നടപ്പിലാക്കും- ഷാജി വിശദീകരിച്ചു.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദു പാപ്പിനിശേരി അധ്യക്ഷത വഹിച്ചു. ഖത്തറിലെ സാംസ്‌കാരിക രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അലി ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ കെ മുഹമ്മദ് ഈസയെ കെ എം ഷാജി പൊന്നാടയണിയിച്ച് ആദരിച്ചു.
നസീം അല്‍ റബീഹ് മാനേജിംഗ് ഡയറക്ടര്‍ കെ ടി റബീഉല്ലക്കുവേണ്ടി മാനേജര്‍ ഷാനവാസിന് കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി ഉപഹാരം നല്‍കി. എം പി ഷാഫി ഹാജിക്കുള്ള ഉപഹാരം തായമ്പത്ത് കുഞ്ഞാലി നല്‍കി. എസ് എ എം ബഷീര്‍, എ പി അബ്ദുറഹിമാന്‍, റഹീസ് പെരുമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശഹബാസ് തങ്ങള്‍ സ്വാഗതം പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!