ദില്ലി: ഇന്ത്യയിലെ മുസ്ലീം പെണ്‍കുട്ടികളുടെ ഉന്നമത്തിനായി 978 കോടിരൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാതലത്തില്‍ 2014 ലോകസഭാ തിരിഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കരുതുന്നു.
ഹൂണാര്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. മൂസ്ലീം സമുദായത്തിലെ പതിനാല് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തികൊണ്ടുവരികയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2014 മുതല്‍ 2017 വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഇത് നടപ്പിലാക്കുക. രാജ്യത്തെ 9.2 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കരുതുന്നു.
മനുഷ്യ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 50000 ഗുണഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തില്‍ യുപി, ആസ്സാം, ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര, എന്നീ സംസ്ഥാനങ്ങളിലായിരിക്കും നടപ്പിലാക്കുക. ആറു മാസം വരെയുള്ള നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടപ്പിലാക്കും.
ബ്യൂട്ടീഷന്‍, ടെയ്‌ലറിങ്ങ്, കമ്പ്യൂട്ടര്‍ പഠനം തൂടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും കൂടാതെ പ്രത്യേക പ്രാദേശിക സഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്‌സുകളും നടപ്പിലാക്കും. കൂടാതെ രണ്ടാം ഘട്ടത്തില്‍ പഠനം മുടങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി തുടര്‍ വിദ്യഭ്യാസം നല്‍കുന്ന പദ്ധതികളും നടപ്പിലാക്കും, 2008ലും 2010ലും ദില്ലിയിലും ബീഹാറിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.



