കൂണ്‍ പാല്‍ കറി വളരെ ടേസ്റ്റിയാണ്

കൂണ്‍ പാല്‍ കറി 

കൂണ്‍ ഉപയോഗിച്ച് നമ്മള്‍ പലതരം വിഭവങ്ങളും വീട്ടില്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ കൂണ്‍ പാല്‍ കറി നിങ്ങള്‍ ഇതുവരെ ഉണ്ടാക്കി കഴിച്ചിട്ടില്ലെങ്കില്‍ എന്തായാലും ഉണ്ടാക്കി നോക്കേണ്ട ഒരു വിഭവം തന്നെയാണ്. ചോറിനും, ചപ്പാത്തിക്കും കൂടെ മാത്രമല്ല ഏത് പലഹാരത്തിനൊപ്പവും കഴിക്കാവുന്ന ഒരു സ്വാദൂറും വിഭവമാണ് ഇത്.

ആവശ്യമുള്ള ചേരുവകള്‍

കൂണ്‍- 200 ഗ്രാം
വലിയ ഉള്ളി-ഒന്ന്(വലുത്)
തക്കാളി-ഒരെണ്ണം(വലുത്)
പച്ചമുളക്-3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി-3 അല്ലി(ചതച്ചത്)
മുളക് പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ടീസ്പൂണ്‍
കുരുമളക് പൊടി-അര ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍
പട്ട-ഒരു ചെറിയ കഷ്ണം
ഗ്രാമ്പു-1 എണ്ണം
തേങ്ങാപാല്‍- അരമുറി തേങ്ങയുടേത്
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

കൂണ്‍ നന്നായി കഴുകി വൃത്തിയാക്കി വലുപ്പത്തില്‍ നുറുക്കി വെക്കുക. ചുവട് കട്ടിയുള്ള ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് ഒന്ന് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിവെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്ത് നന്നായി ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഈ സമയം കുറച്ച് ഉപ്പുകൂടിചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പട്ട, ഗ്രാമ്പു, പെരുഞ്ചീരകം എന്നിവ ഒന്ന് ചതച്ചെടുത്ത് ചേര്‍ത്ത് വഴറ്റു. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റിയശേഷം നുറുക്കി വെച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് യോജിപ്പിച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. നന്നായി വെന്ത് കൂണിലെ വെള്ളം വലിഞ്ഞ് വരുമ്പോള്‍ തേങ്ങാപ്പാല്‍ (തേങ്ങ അരഗ്ലാസ് വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുത്ത പാല്‍)ചേര്‍ത്ത് ഒന്ന് കുറിക്കി എടുക്കുക. ഇതിലേക്ക് കറിവേപ്പിലയും കുരുമുളക് പൊടിയും വിതറി കുറച്ച് വെളിച്ചെണ്ണയും തൂവി വാങ്ങിവെക്കാം.

Share news
error: Content is protected !!
Scroll to Top