യെമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിയായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് നിമിഷ പ്രീയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നിമിഷ പ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്കോ, അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിയുന്നില്ല. യെമന്‍ പൗരന്റെ ബന്ധുക്കളുമായി സംസാരിക്കാന്‍ കഴിയുന്നില്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി, യമനിലെ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്.
സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്ന നിമിഷയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
2017 ജൂലൈയിലാണ് സംഭവം. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണു കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.




