രാഹുല്‍ ആര്‍ നായരെ മലപ്പുറം എംഎസ്പി കമാന്‍ഡന്റായി നിയമിച്ചു

21646_587345തിരു : കൈക്കൂലികേസില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പത്തനംതിട്ട മുന്‍ജില്ല പോലീസ് മേധാവി രാഹുല്‍ ആര്‍ നായരെ മലപ്പുറം എംഎസ്പി കമാന്‍ഡന്റായി നിയമിച്ചു. ഇതു സംബന്ധിച്ച് നേരത്തെ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. അതെസമയം രാഹുല്‍ ആര്‍ നായര്‍ക്കെതിരെ വിജിലന്‍സ് മേധാവി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അനേ്വഷണം തുടരുകയാണ്.

പത്തനംതിട്ട കോയിപ്പുറം ഷാനിയോ മെറ്റല്‍ ക്രഷര്‍ ഉടമ ജയേഷ് തോമസില്‍ നിന്നും 17 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് പരാതി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട രാഹുലിന് 17 ലക്ഷം രൂപ കൊടുക്കുകയും എന്നാല്‍ ശേഷിച്ച 3 ലക്ഷം രൂപ കൂടി നല്‍കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ജയേഷ് പരാതി നല്‍കിയത്. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും വിവരങ്ങള്‍ ഉന്നതാധികാരികള്‍ക്ക് കൈമാറി. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയും, അഡീഷണല്‍ ചീഫ് സെക്രട്ടറിയും ശുപാര്‍ശ ചെയ്‌തെങ്കിലും രേഖാമൂലം പരാതിയില്ലാത്തതിനാല്‍ സസ്‌പെന്‍ഷന്‍ ഒഴിവാക്കിയെന്നാണ് സൂചന.

തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലും രാഹുലിനെതിരെ അനേ്വഷണ ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ 12 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവ്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിന്‍സന്‍ എം പോളിന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മതിയെന്നാണ് അധികൃതരുടെ നിലപാട്. രാഹുല്‍ ആര്‍ നായരും ജയേഷ് തോമസും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വിന്‍സന്‍ എം പോള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടനിലക്കാരനായ റിസോര്‍ട്ടുടമ വൈക്കം അജിത്ത് എന്ന അജിത്ത് തോമസില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചു.

ജില്ലാ പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയെങ്കിലും രാഹുലിനെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പകരം ചുമതല നല്‍കാത്തത് ചട്ട വിരുദ്ധമാകുമെന്നതിനാല്‍ എംഎസ്പി കമാന്‍ഡന്റ് സ്ഥാനത്ത് അവരോധിച്ചിട്ടുള്ളത്. നിലവില്‍ ഐപിഎസുകാര്‍ അല്ലാത്തവരാണ് ഈ ചുമതല വഹിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top