മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി അമ്മ, മൂന്ന് പേർ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡിൽ 13കാരിയെ അമ്മ ആചാരത്തിന്റെ ഭാ​ഗമായി ബലി നൽകി. ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 13 വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും മന്ത്രവാദിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ രശ്മി ദേവി (35), മന്ത്രവാദിയായ 55 കാരിയായ ശാന്തി ദേവി, 40 കാരനായ ഭീം റാം എന്നിവരെ കസ്റ്റഡിയിലെടുത്തതായി പറഞ്ഞു. രശ്മി ദേവിയുടെ ഭർത്താവ് മുംബൈയിൽ ജോലി ചെയ്യുന്ന ഒരു കുടിയേറ്റ തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് 24 ന് രാത്രി രാമനവമി ആഘോഷങ്ങൾക്കിടെ ഗ്രാമത്തിൽ മംഗള ശോഭായാത്ര നടക്കുന്നതിനിടെയാണ് കുറ്റകൃത്യം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടി അമ്മയോടൊപ്പം ഘോഷയാത്ര കാണാൻ പോയിരുന്നെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. അടുത്ത ദിവസം ഗ്രാമത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് അമ്മ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പോസ്റ്റ്‌മോർട്ടവും ഫോറൻസിക് പരിശോധനകളും ലൈംഗികാതിക്രമം നിഷേധിച്ചതോടെ അന്വേഷണത്തിന്റെ ദിശ മാറി.

മകന്റെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെക്കുറിച്ചും മറ്റ് ഗാർഹിക പ്രശ്‌നങ്ങളെക്കുറിച്ചും രശ്മി ദേവി വർഷങ്ങളായി മന്ത്രവാദിയുമായി കൂടിയാലോചന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. രോഗശമനത്തിന് കന്യകയായ ഒരു പെൺകുട്ടിയെ ബലിയർപ്പിക്കേണ്ടത് ആവശ്യമാണെന്ന് ‘തന്ത്രി’ അവളെ ബോധ്യപ്പെടുത്തിയതായി പറയപ്പെടുന്നു. കുട്ടിയിൽ ദൈവിക സാന്നിധ്യം ഉണ്ടെന്നും യാഗത്തെ കൂടുതൽ ഫലപ്രദമാക്കുമെന്നും പ്രതി വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രസാദം നൽകിയ ശേഷം, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി നിലത്ത് കിടത്തി തന്ത്രിയുടെ നിർദ്ദേശപ്രകാരം, ഭീം റാം കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും അമ്മ കുട്ടിയുടെ കാലുകൾ പിടിച്ചുവെന്നും പൊലീസ് പറഞ്ഞു. മരണം സ്ഥിരീകരിച്ച ശേഷം, ആചാരത്തിന്റെ ഭാഗമായി രക്തം ശേഖരിക്കാൻ പ്രതി തലയിൽ കല്ലുകൊണ്ട് അടിച്ചുവെന്നും പിന്നീട് മൃതദേഹം ഉപേക്ഷിച്ചതായും പറയുന്നു. ഭീം റാമിനെതിരെ മുമ്പും കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. അന്വേഷണത്തിന് ശേഷം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Share news
error: Content is protected !!
Scroll to Top