‘ടോയ്‌ലറ്റിൽ പോയി വരാം, ഒന്ന് നോക്കണേ’; കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് അമ്മ മുങ്ങി; മണിക്കൂറുകൾക്കകം പ്രതി പൊലിസ് പിടിയിൽ

കോഴിക്കോട്: തീവണ്ടിയിൽ യുവതി ഉപേക്ഷിച്ച കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് കോഴിക്കോട് നിന്നും പുറപ്പെട്ട ട്രെയിനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമ്മയെ പോലീസ് പിടികൂടി.

ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് കുഞ്ഞുമായെത്തിയ യുവതി, ടോയ്‌ലറ്റിൽ പോയി വരാമെന്നും അതുവരെ കുഞ്ഞിനെ ഒന്ന് നോക്കണമെന്നും പറഞ്ഞ് അടുത്തുള്ള സീറ്റിലിരുന്ന യാത്രക്കാരനെ ഏൽപ്പിച്ചു. എന്നാൽ, ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരികെ എത്തിയില്ല. ഇതോടെ പരിഭ്രാന്തനായ യാത്രക്കാരൻ വണ്ടി ഫറോക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി. തുടർന്ന്, റെയിൽവേ പൊലിസും ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.

തുടർന്ന്, റെയിൽവേ പൊലിസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്റ്റേഷൻ പരിസരത്തുനിന്നുതന്നെ യുവതിയെ കണ്ടെത്തി. കുട്ടിയെ മറ്റൊരാളെ ഏൽപ്പിച്ചെന്നായിരുന്നു ഇവർ പൊലിസിനോട് പറഞ്ഞത്. മുൻപും സമാനമായ രീതിയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇവർ ശ്രമിച്ചിട്ടുള്ളതായാണ് വിവരം. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും സംശയിക്കുന്നുണ്ട്.

നിലവിൽ കുഞ്ഞിനെ സെയ്ൻ്റ് വിൻസൻ്റ് ഹോമിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ശിശുക്ഷേമ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു എന്ന് അധികൃതർ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top