Section

malabari-logo-mobile

സദാചാര സര്‍ക്കുലര്‍; പരപ്പനങ്ങാടി നഗരസഭ നടപടിക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്

HIGHLIGHTS : പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസം നഗരസഭയും പോലീസും പുറത്തിറക്കിയ വിവാദ സര്‍ക്കുലറിനെതിരെ പരപ്പനങ്ങാടിയിലെ കാലാസാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്. പരപ്പനങ...

പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസം നഗരസഭയും പോലീസും പുറത്തിറക്കിയ വിവാദ സര്‍ക്കുലറിനെതിരെ പരപ്പനങ്ങാടിയിലെ കാലാസാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്. പരപ്പനങ്ങാടിയെ മതസദാചാരവത്കരിക്കാനുള്ള ഗൂഡനീക്കം തിരിച്ചറിയപ്പെടണം എന്നാവിശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ പ്രതിഷേധക്കുറുപ്പില്‍ അമ്പതിലധികം പേരാണ് ഒപ്പിട്ടത്.

മാധ്യമ പ്രവര്‍ത്തകയായ നിലീന അത്തോളി, നാടകപ്രവര്‍ത്തകരായ റഫീഖ് മംഗലശ്ശേരി, ബിപിന്‍ദാസ് പരപ്പനങ്ങാടി, ചിത്രകാരന്‍മാരായ അശോകന്‍ ആദിപുരയിടത്ത് , തോലില്‍ സുരേഷ് അടക്കം മാധ്യമ, കാലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഈ പ്രതിഷേധക്കുറിപ്പില്‍ ഒപ്പുവെച്ചിട്ടുണ്ട്.

sameeksha-malabarinews

ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ഏറ്റവും വിശാലമായിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ പുതിയ കാലത്തെ നമ്മുടെ കുട്ടികള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ വികലമായ മനസ്സും കാഴ്ചപ്പാടും കൊണ്ട് മതത്തിന്റെ മേമ്പൊടി ചേര്‍ത്ത് അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ തിരിച്ചറിയണമെന്ന് സാസംകാരികപ്രവര്‍ത്തകര്‍ ഒപ്പിട്ട കുറിപ്പില്‍ പറയുന്നു.
പരപ്പനങ്ങാടിയുടെ ജനാധിപത്യ ബോധമുള്ള സാംസ്‌ക്കാരിക മണ്ഡലത്തെ മത സദാചാര വാദികള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമത്തില്‍ താഴെ ഒപ്പുവെച്ച തങ്ങള്‍ പ്രതിഷേധിക്കുന്നു എന്നും കുറിപ്പില്‍ പറയുന്നു.

പരപ്പനങ്ങാടിയില്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം കുട്ടികള്‍ ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെയാണ് നഗരസഭ ജാഗ്രതസമിതി നോട്ടീസ് ഇറക്കിയത്. നഗരസഭ അധ്യക്ഷ്യന്‍ ചെയര്‍മാനായും പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ കണ്‍വീനറായുമുള്ള ജാഗ്രതാസമിതി പുറത്തിറക്കിയ നോട്ടീസില്‍ ഈ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നുണ്ട്. കുറച്ച് ദിവസങ്ങളായി പരപ്പനങ്ങാടി നഗരത്തില്‍ വിദ്യാര്‍ത്ഥികളും, വിദ്യാര്‍ത്ഥിനികളും അടുത്തിടപഴകുന്നുവെന്നും, കൂട്ടംകൂടി നടക്കുന്നുവെന്നും ഇത് നിയന്ത്രിക്കണമെന്നുമുള്ള വാദങ്ങള്‍ ഒരു വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിവരുന്നുണ്ട്. ഇത്തരം ചില പോസ്റ്റുകളില്‍ വിദ്യാര്‍ത്ഥിനികളെ വളരെ മോശമായി അഭിസംബോധന ചെയ്യുന്നുമുണ്ട്. ഇത്തരം സദാചാര വാദങ്ങള്‍ പോലീസും, നഗരസയും ഏറ്റെടുക്കുന്ന എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

ഇതിനെതിരെ യുവജന സംഘടനകളായ യൂത്ത്‌കോണ്‍ഗ്രസ്സും, ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു.

കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

പരപ്പനങ്ങാടിക്ക് മാത്രം* *എന്താണിത്ര* *വലിയ പ്രത്യേകത?*
പരപ്പനങ്ങാടിയെ മത സദാചാര വത്ക്കരിക്കാനുള്ള ചില തൽപരകക്ഷികളുടെ
ഗൂഢ ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ആൺ-പെൺ സൗഹൃദങ്ങൾ ഏറ്റവും വിശാലമായിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ പുതിയ കാലത്തെ നമ്മുടെ കുട്ടികൾ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോൾ വികലമായ മനസ്സും കാഴ്ചപ്പാടും കൊണ്ട് മതത്തിൻ്റെ മേമ്പൊടി ചേർത്ത് അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ തിരിച്ചറിയുക തന്നെ വേണം.
നെല്ലും പതിരും തിരിച്ചറിയാൻ കഴിവില്ലാത്തവരുടെ തിട്ടൂരങ്ങൾക്ക് ഒപ്പ് വെച്ച് കൊടുക്കാനുള്ളതല്ല ജനാധിപത്യ ബോധമെന്നതും അതിനെ പിന്തുടരുന്ന ഭരണകൂടത്തിൻ്റെ വക്താക്കൾ ചെയ്യേണ്ടതുമായ കാര്യമെന്നതും.ഇത്തരം വിശാല സൗഹൃദങ്ങളെ തകർക്കാനാണ് ഒരുത്തരവിലൂടെ ഭരണകൂടവും പോലീസും ചേർന്ന് ചെയ്തു കൊണ്ടിരിക്കുന്നത്.
മുതിർന്ന കുട്ടികളെ കൂട്ടിക്കൊണ്ടു പോവാൻ രക്ഷിതാക്കൾ വരണം, കുട്ടികൾ കൂട്ടം കൂടാൻ പാടില്ല എന്നിങ്ങനെയുള്ള സദാചാര നോട്ടീസ് കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടി നഗരസഭയും പോലീസും ചേർന്ന് പുറത്തിറക്കിയിട്ടുള്ളത്.
സ്ക്കൂൾ കാലം അവസാനിക്കുന്ന ദിവസം കുട്ടികൾ ഒത്തു ചേരാൻ പാടില്ലെന്നും അവരുടെ സന്തോഷങ്ങൾ അവർ പങ്കു വെക്കാൻ പാടില്ലെന്നും പറയുന്നത് ജനാധിപത്യവിരുദ്ധവും ഏകാധിപത്യ ചിന്താഗതിയുമാണ്.
പരപ്പനങ്ങാടിയുടെ ജനാധിപത്യ ബോധമുള്ള സാംസ്ക്കാരിക മണ്ഡലത്തെ മത സദാചാര വാദികൾക്ക് വിട്ടുകൊടുക്കാനുള്ള ശ്രമത്തിൽ താഴെ ഒപ്പുവെച്ച ഞങ്ങൾ പ്രതിഷേധിക്കുന്നു.
പ്രാദേശിക ഭരണകൂടവും പോലീസും ഒത്തുചേർന്ന് തകർക്കാൻ ശ്രമിക്കുന്നത് മാനവികതയേയും സൗഹാർദ്ധത്തേയുമാണ്.
അതിനെതിരെ സാംസ്ക്കാരിക കേരളം വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്.
താഴെ പേരെഴുതി ചേർത്തുകൊണ്ട് ഈ പ്രതിഷേധ ക്യാമ്പയിനിൽ ജനാധിപത്യ കേരളം പങ്കാളികളാവേണ്ടതുണ്ട്

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!