കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ ‘മൂര്‍ഖന്‍ ഷാജി’ പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോന്‍ പിടിയില്‍. അഞ്ചു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോസ്മെന്റ് സ്‌ക്വാഡ് ഷാജിയെ പിടികൂടിയത്. ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഷാജി 5 വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്ത് നിന്നുമാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോസ്മെന്റ് സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയെങ്കിലും എക്സൈസ് വകുപ്പ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോവുകയും ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ മൂര്‍ഖന്‍ ഷാജി വെസ്റ്റ് ബെംഗാള്‍, ബിഹാര്‍, ഒറീസ്സ, ആന്ധ്രാ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. തൂത്തുകൂടി വഴി ഹാഷിഷ് ഓയില്‍ കടത്തുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാലക്കാട് നിന്നും പിടികൂടിയ 22 കിലോ ഹാഷിഷ് ഓയില്‍ കടത്തലില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ട് പ്രതി ചേര്‍ക്കുകയും എക്സൈസ് ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

നക്‌സല്‍ മേഖലയിലുള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറി മാറി കഴിഞ്ഞു വന്ന ഷാജി, കഞ്ചാവ് വാറ്റി ഹാഷിഷ് ഓയില്‍ വന്‍ തോതില്‍ നിര്‍മ്മിച്ച് കണ്ടെയ്‌നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊടൈക്കനാലില്‍ വാങ്ങിയ 9 ഏക്കര്‍ വസ്തുവിന്റെ ഇടപാടിന് മെയ് മാസം തമിഴ്‌നാട്ടിലെ ശ്രീരംഗത്തെത്തിയ പ്രതി മയക്കുമരുന്ന് കടത്ത് സംഘവുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പിടിയിലായിരുന്നു. എന്നാല്‍ അവിടെ നിന്നും അതി വിദഗ്ധമായി രക്ഷപ്പെട്ടിരുന്നു.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോസ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണ കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ്, എസ് മധുസൂദനന്‍ നായര്‍, കെ വി വിനോദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഡി എസ് മനോജ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി സുബിന്‍, എം വിശാഖ്, രജിത്ത് കെ ആര്‍, എം എം അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, സിവില്‍ എക്സൈസ് ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top