തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫോണിലൂടെയാണ് മോഹന്‍ലാല്‍ ആര്യാ രാജേന്ദ്രനെ അഭിനന്ദനമറിയിച്ചത്. നഗരത്തെ കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യക്ക് കഴിയട്ടെയെന്നും തിരുവനന്തപുരം ഒരുപാട് ഇഷ്ടപ്പെട്ട നഗരമാണെന്നും മോഹന്‍ലാല്‍ ആര്യയോടു പറഞ്ഞു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരം ഗരസഭ മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടറാണ് മോഹന്‍ലാല്‍.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്.
പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ പറഞ്ഞു.
ബാലസംഘം സംസ്ഥാന പ്രസിഡന്റായ 21 കാരിയായ ആര്യ രാജേന്ദ്രന്‍ ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.




