കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്കിനെതിരെ വിധി സമ്പാദിച്ച ഫഹിമ ഷിറിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കോഴിക്കോട് ചേളന്നൂര്‍ എസ് എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഫഹീം ഷിറിന്‍ കോടതിയെ സമീപിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമാണെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ഇത് വിദ്യഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ ഇത് മൗലിക അവകാശത്തിന്റെ ഭാഗമായി വരുമെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഫഹിമയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ വന്നു കൊണ്ടിരിക്കുന്നത്.
ശ്രദ്ധേയമായ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇന്റർനെറ്റിലേക്ക് ഒളിച്ചും പതുങ്ങിയും കയറിപ്പോയവരാണ് കുട്ടികളെ വല്ലാതെ സംശയിക്കുന്നത്.പോൺ വീഡിയോ കാണാനുള്ള സാധനമാണ് മൊബൈൽ ഫോൺ എന്ന് ധരിച്ചു വശായവരാണ്, മക്കളെ “നന്നാക്കി “യെടുക്കാൻ വിലക്കുകളുമായി വഴിമുടക്കുന്നത്.രക്ഷിതാക്കളുടേയും അധ്യാപകരുടേയും വികലമായ കാഴ്ചപ്പാടുകളെ തിരുത്താനുള്ള ആഹ്വാനമായാണ്, മൊബൈൽ ഉപയോഗിച്ചതിന്റെ പേരിൽ കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ കുട്ടിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി വിധി വായിക്കപ്പെടേണ്ടത്.
ഫഹീമയ്ക്ക് അഭിമാനിക്കാം. നിയമ പോരാട്ടത്തിന് ഒപ്പം നിന്നവർക്കും.

അഭിനന്ദനങ്ങൾ Kalmeyi S H (ഫഹിമ ഷിറിൻ)
ഈ നിശ്ചയദാർഢ്യത്തിന്.
ചേളന്നൂർ എസ്. എൻ. കോളേജ് വിമൻസ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെതിരെ നിയമപോരാട്ടം നടത്തി നേടിയ വിജയത്തിന് സ്നേഹാഭിവാദ്യങ്ങൾ.
ഇന്റർനെറ്റ് ഉപയോഗത്തിന് അനിവാര്യമാണ് മൊബൈൽ ഫോൺ. അറിവുനേടലും വിവരാവകാശവും പൗരസമൂഹത്തിന്റെ മൗലികാവകാശങ്ങളുടെ ഭാഗമാണ്. ഇന്റർനെറ്റും മൊബൈൽ ഉപയോഗവും അതിന്റെ ഭാഗവുമാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈലിന് നിയന്ത്രണമില്ലാത്തപ്പോൾ പെൺകുട്ടികൾക്ക് മാത്രമായുള്ള നിയന്ത്രണം ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന ലിംഗവിവേചനമാണ്.
തീർച്ചയായും ഒരു ഷേക്ക് ഹാൻഡിന് കൽമേയിയുടെ മാതാപിതാക്കൾ Haksar RKയ്ക്കും സൗദ മഠത്തിലിനും #Soudha_Madathil അർഹതയുണ്ട്. ഇത്തരമൊരു കേസിൽ എന്താവും ഭൂരിപക്ഷം രക്ഷിതാക്കളുടെയും നിലയെന്നാണ് നാം പ്രതീക്ഷിക്കുക? കൂടുതൽ കടുത്ത സദാചാര നിയമങ്ങൾക്കാവും അവർ കയ്യടിക്കുക . എന്നാലിവിടെ അവർ മകളുടെ വളരുന്ന പൗരബോധത്തിനും ആത്മാഭിമാനത്തിനും ഒപ്പം നിന്നു.
മതാത്മകതയും സദാചാരപ്പോലീസിങ്ങും പെരുകിപ്പൊങ്ങുന്ന സമകാലിക ക്യാമ്പസ് ജീവിതത്തിലും പൊതുജീവിതത്തിലും ഈ പോരാട്ടം നേടിയതൊരു രാഷ്ട്രീയ വിജയമാണ്.



