കോഴിക്കോട്: അപകടത്തില്‍ പെട്ട ദുബൈ ഫ്‌ളൈറ്റില്‍ യാത്രക്കാരനായിരുന്ന ആളെ കാണാതായെന്ന് ഇന്നലെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് ഇന്ന് കണ്ടെത്തിയത്. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നെന്ന് പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് പേര് കൃത്യമായി രേഖപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. സിറാജ് എന്ന പേരാണ് ആശുപത്രി രേഖകളില്‍ എഴുതിയിരിക്കുന്നത്. അതുകൊണ്ട് ഹംസയെ അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ അദ്ദേഹം മിംസിലില്ല എന്ന് കരുതി മറ്റ് ആശുപത്രികളിലേക്ക് പോയി.
രാത്രിയില്‍ ബന്ധുക്കള്‍ മലപ്പുറത്തേയും, കോഴിക്കോട്ടേയും ആശുപത്രികളിലെല്ലാം തിരിച്ചല്‍ നടത്തി. ഇന്ന് രാവിലെ മന്ത്രി കെ.ടി ജലീലും ഹംസയുടെ കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. മന്ത്രിയോടും കളക്ടറോടും ബന്ധുക്കള്‍ പരാതി പറഞ്ഞിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ഇദ്ദേഹം മിംസ് ആശുപത്രിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.




