തിരുവനന്തപുരത്ത് നിന്നും കാണാതായ അസം സ്വദേശിനിയെ തിരികെ എത്തിച്ചു

HIGHLIGHTS : Missing Assam woman brought back from Thiruvananthapuram

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു. പൊലീസില്‍ നിന്നും കുട്ടിയെ സിഡിബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേള്‍ക്കും.

കുട്ടി വീടുവിട്ടിറങ്ങാന്‍ ഉണ്ടായ സാഹചര്യം,വീട്ടില്‍ രക്ഷിതാക്കളില്‍ നിന്നും നിരന്തരം മര്‍ദനവും വഴക്കും ഏല്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി കേള്‍ക്കും. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മര്‍ദ്ദിച്ചതായുള്ള പരാതി സിഡബ്ല്യുസിയുടെ മുന്‍പിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

sameeksha-malabarinews

ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കും. തുടര്‍ന്ന് കുട്ടിയുടെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്‍പില്‍ കൊണ്ട് പോയി മൊഴി രേഖപ്പെടുത്തും.

ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ചെന്നൈ ഭാഗത്തേക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശാഖപട്ടണത്തുനിന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തിയത്. സിഡബ്ല്യുസിക്ക് കീഴിലുള്ള വിജയവാഡയിലെ ഒബ്സര്‍വേഷന്‍ ഹോമിലായിരുന്ന കുട്ടിയെ ശനി പകല്‍ 11.30നാണ് പൊലീസ് സംഘത്തിന് വിട്ടുനല്‍കിയത്. കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച മലയാളി സമാജം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറല്‍.

കഴക്കൂട്ടം എസ്ഐ വി എസ് രഞ്ജിത്ത്, പൊലീസുദ്യോഗസ്ഥരായ റെജി, ശീതള്‍, ചിന്നു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടിയില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമം യാത്രയ്ക്കിടെ നടത്തിയെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ കഴക്കൂട്ടത്തെ വാടകവീട്ടിലാണുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!