തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജി സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.ക്ലിഫ് ഹൗസിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.
മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ചേരുന്നതിനിടെയാണ് അഹമ്മദ് ദേവര്‍കോവില്‍ കത്ത് കൈമാറിയത്. കെ ബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ പുനഃസംഘടന. 29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്. കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പുമാണ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണെന്നും എല്‍ഡിഎഫ് തീരുമാനം അനുസരിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പടിയിറക്കം സന്തോഷത്തോടെയാണെന്നും രണ്ടര വര്‍ഷം കൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്‌തെന്നും സംതൃപ്തി ഉണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു.
കുടിശ്ശികയില്ലാതെ മുഴുവന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ശമ്പളം തീര്‍ത്ത് നല്‍കിയതിന് ശേഷമാണ് രാജിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.




