Section

malabari-logo-mobile

ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : Minister Saji Cherian made controversial remarks against the Constitution

തിരുവനന്തപുരം; ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും
കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ
ഭരണഘടനയെന്ന് ഞാന്‍ പറയും’ -സജി ചെറിയാന്‍ പറഞ്ഞു.

sameeksha-malabarinews

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്. ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക്
അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി.
ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും സജി ചെറിയാന്‍ ചോദിച്ചു.

നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ ചോദിച്ചു.

മന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!