ഓഫിസ് ആക്രമണത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണ വ്യാജ വീഡിയോ; സീ ടിവി ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യും; മുന്‍മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെയും കേസ്

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തെറ്റായി പ്രചരിപ്പിച്ചതിന് സീ ടിവി ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. സീ ഹിന്ദുസ്ഥാന്‍ ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടില്‍ ഛത്തീസ്ഗഡ് പൊലീസെത്തി. ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പോലീസ് ഗാസിയാബാദില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് പോലീസ് തടയുന്ന അവസ്ഥയും ഉണ്ടായി.

വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണമാണ് രോഹിത് തെറ്റായി വ്യാഖ്യാനിച്ചിരുന്നത്. ആക്രമണം നടത്തിയത് കുട്ടികളാണെന്നും അത് വിട്ടുകളയാമെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ ഉദയ്പുര്‍ സംഭവവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരുന്നത്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

യുപി ലോക്കല്‍ പൊലീസിനെ അറിയിക്കാതെയാണ് റായ്പുര്‍ പൊലീസ് തന്റെ വീട്ടിലെത്തിയതെന്ന് രോഹിത് ആരോപിച്ചു. എന്നാല്‍, എല്ലാം നടപടികളും പാലിച്ചാണ് എത്തിയതെന്നും തങ്ങളുടെ പക്കല്‍ കോടതിയുടെ ഉത്തരവുണ്ടെന്നായിരുന്നു റായ്പുര്‍ പൊലീസിന്റെ മറുപടി.

അതേസമയം, മുന്‍മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെ ഛത്തീസ്ഗഡിലും കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നതിലാണ് കേസ്. റാത്തോഡിനും മറ്റ് നാല് പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. രാജസ്ഥാനില്‍ നേരത്തെ തന്നെ റാത്തോഡിനെതിരെ കേസെടുത്തിരുന്നു.

വയനാട്ടിലെ തന്റെ ഓഫീസില്‍ അക്രമിച്ച കുട്ടികളോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞത് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയില്‍ ടിവി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇവ പ്രചരിപ്പിച്ചെതിരെയാണ് പൊലിസ് നടപടി. അതേസമയം, വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ മാപ്പു പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top