കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. കിഫ്ബിയില്‍ നിന്നും 25 കോടി രൂപ ചെലവഴിച്ചാണ് ചാലിയാറിന് കുറുകെ പാലം നിര്‍മിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പാഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും കൂട്ടിമുട്ടിക്കുന്നതാണ് പാലം. ഇതിലൂടെയുള്ള ഗതാഗതം സാധ്യമാവുന്നതോടെ കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നും വയനാട് നിന്നും മലപ്പുറത്തേയ്ക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്കും വരുന്ന യാത്രക്കാര്‍ക്ക് എളുപ്പമാര്‍ഗമാവും.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നാം പിണറായി സര്‍ക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിര്‍മാണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2019ല്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
309 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് 12 സ്പാനുകളാണുള്ളത്. ഇതില്‍ 35 മീറ്റര്‍ നീളത്തിലുള്ള ഏഴ് സ്പാനുകള്‍ പുഴയിലും 12 മീറ്റര്‍ നീളത്തിലുള്ള അഞ്ച് സ്പാനുകള്‍ കര ഭാഗത്തുമാണ് നിര്‍മിച്ചിട്ടുള്ളത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നല്‍കി പാലത്തെ മനോഹരമാക്കിയിട്ടുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡുമുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നിര്‍മാണ ഘട്ടത്തില്‍ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് പാലം പണി പൂര്‍ത്തിയാക്കിയത്. നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ചാലിയാറിലെ പ്രളയ സാധ്യത മുന്നില്‍ കണ്ട് പാലത്തിന്റെ മാതൃകയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. പിന്നീട് ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ സാങ്കേതികതകരാറു മൂലം മപ്രം ഭാഗത്തെ മൂന്ന് സ്പാനുകള്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ നടത്തി കുറ്റമറ്റ രീതിയിലാണ് പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




