കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളിയില്‍ സംഗീത ജലധാര നിര്‍മ്മിക്കാന്‍ തയ്യാറെന്ന് മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Minister Muhammad Riyas says he is ready to build a musical fountain at Kuttichira Mishkal Mosque

phoenix
careertech

കോഴിക്കോട്:പൈതൃക വിനോദ സഞ്ചാരപട്ടികയില്‍ ഉള്‍പ്പെട്ട ചരിത്ര പ്രാധാന്യമുള്ള കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളിയില്‍ കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ച് സംഗീത ജലധാര നടപ്പാക്കാന്‍ വിനോദസഞ്ചാര വകുപ്പ് തയ്യാറാണെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

കോഴിക്കോട് നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിഷ്‌കാല്‍ പള്ളി വൈദ്യുതി ദീപങ്ങള്‍ കൊണ്ടലങ്കരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

‘എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍, രാഷ്ട്രീയകക്ഷി നേതാക്കളോടും പള്ളി ഭാരവാഹികളോടും മറ്റും ആലോചിച്ചശേഷം തളി ക്ഷേത്രത്തില്‍ ചെയ്തതുപോലെ സംഗീത ജലധാര മിഷ്‌കാല്‍ പള്ളിയിലും നടപ്പാക്കാന്‍ വിനോദസഞ്ചാര വകുപ്പ് തയ്യാറാണ്,’ മന്ത്രി അറിയിച്ചു.

ചരിത്രപ്രാധാന്യമുള്ള മിഷ്‌കാല്‍ പള്ളി സഞ്ചാരികളും ഗവേഷണ കുതുകികളും തേടി വരുന്നതാണ്. അവര്‍ക്കും നാട്ടുകാര്‍ക്കും
സന്ധ്യാ സമയം സംഗീത ജലധാരയുടെ സാമീപ്യത്തില്‍ മനോഹരമായി ചെലവഴിക്കാന്‍ സാധിക്കും.

പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെയും മത സാഹോദര്യത്തിന്റെയും ചരിത്രമുള്ള സുപ്രധാന പൈതൃക സ്മാരകമാണ് മിഷ്‌കാല്‍ പള്ളി.
മനോഹരമായ വാസ്തുവിദ്യ കൊണ്ട് നിര്‍മ്മിക്കപ്പെട്ട, നാല് നിലകളുള്ള പള്ളി ഇനി രാത്രിയിലും സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. മിഷ്‌കാല്‍ പള്ളിയുടെ വാസ്തുനിര്‍മാണത്തിന്റെ ഗരിമ വ്യക്തമാകുന്ന രീതിയിലാണ് ദീപാലങ്കാരം ചെയ്തിട്ടുള്ളത്.

വെള്ളിയാഴ്ച നഗരത്തിലെ സിഎസ്‌ഐ ചര്‍ച്ചും പട്ടാള പള്ളിയും
ദീപാലാങ്കാരം നടത്തിയിരുന്നു.

പരിപാടിയില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, മുന്‍ എംഎല്‍എ ടി പി എം സാഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കി നഗരത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന 4.46 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണ് സിഎസ്ഐ പള്ളിയിലും പട്ടാളപ്പള്ളിയിലും മിഷ്‌കാല്‍ പള്ളിയിലും ഫസാഡ് ലൈറ്റിങ് സംരംഭം നടപ്പിലാക്കിയത്.

കോഴിക്കോട് ബീച്ചിലെ ലൈറ്റ് ഹൗസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ടൗണ്‍ ഹാള്‍, ഓള്‍ഡ് കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് എന്നിവ കൂടി ദീപാലംകൃതമാക്കുന്നതിന് നിലവില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ചിരപുരാതന ക്ഷേത്രങ്ങളായ തളി ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവയുടെ ഫസാഡ് ലൈറ്റിംഗിന് പദ്ധതി തയ്യാറാക്കി ഭരണാനുമതിയ്ക്കായി കാക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!