HIGHLIGHTS : Minister Muhammad Riaz said that public cremation is essential in all local bodies
കോഴിക്കോട്:കക്കോടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായ പൊതുശ്മശാനം യാഥാര്‍ഥ്യമായി. 98 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി യാഥാര്‍ത്ഥ്യമാക്കിയ, ‘ശാന്തിസ്ഥലി’ എന്ന് പേരിട്ട, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാതക ശ്മശാനം
കക്കോടി അത്താഴകുന്നില്‍
വിനോദസഞ്ചാര, പൊതുമരാമത്ത്
വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മരണപ്പെട്ടവരുടെ സംസ്‌കാരം പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പൊതുശ്മശാനം ഇല്ലാത്ത പ്രശ്‌നം എല്ലായിടത്തുമുണ്ട്.
മരണപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് നല്ല രീതിയില്‍
അന്ത്യയാത്ര നല്‍കാന്‍
പൊതുശ്മശാനം അനിവാര്യമാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനം വേണ്ടതുണ്ട്. വളരെ ഗൗരവമേറിയ ഒരു പ്രശ്‌നത്തിനാണ്
പ്രാദേശിക ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ കക്കോടിയില്‍ ഉത്തരം കണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നഗരവല്‍ക്കരണവും ജനസാന്ദ്രതയുമാണ് കേരളത്തിലെ പ്രധാന പ്രശ്‌നങ്ങള്‍. നമുക്ക് ഭൂമി അധികമില്ല. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ ജനസാന്ദ്രത. കേരളത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 886 മനുഷ്യര്‍ ജീവിക്കുന്നു എന്നതാണ് പുതിയ കണക്ക്.
നഗരത്തോട് ചേര്‍ന്നുള്ള കേന്ദ്രങ്ങള്‍ അതിവേഗം വികസിക്കും. ജനസംഖ്യ കൂടുതലുള്ള ഗ്രാമപഞ്ചായത്ത് ആണ് കക്കോടി.
ഒട്ടേറെ വികസന പദ്ധതികള്‍
നടപ്പാക്കാന്‍ ശ്രദ്ധ ചെലുത്തുന്ന കക്കോടിയില്‍
ഉള്‍പ്പെട്ട ഒളവപ്പാറ വിനോദസഞ്ചാര പദ്ധതിയ്ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടക്കമിടുമെന്ന് മന്ത്രി വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തുകളില്‍ പൊതുശ്മശാനം എന്നത് സര്‍ക്കാരിന്റെ കൂടി ലക്ഷ്യം ആണെന്നും എന്നാല്‍ അത്തരം പദ്ധതികളുമായി തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടു വരുമ്പോള്‍ ഇപ്പോഴും പഴയ രീതിയില്‍ ചിന്തിക്കുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ ഉണ്ടാവുകയാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ എത്രയോ വര്‍ഷമായി പൊതുശ്മശാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. പഴയ രീതിയിലുള്ള ചിന്തകള്‍ക്ക് പകരം ആധുനിക സാഹചര്യത്തിന്റെ അനിവാര്യതയുമായി ചേര്‍ന്നു പോകുന്ന വിധം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കണം. അതിന് തെളിവാണ് കക്കോടിയില്‍ യാഥാര്‍ത്ഥ്യമായ വാതക ശ്മശാനമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയര്‍ എന്‍ കെ രമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍,
ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ അശോകന്‍, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി വിനോദ്, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ താഴത്തയില്‍ ജുമൈലത്ത്, ക്ഷേമകാര്യ ചെയര്‍മാന്‍ കൈതമോളി മോഹനന്‍, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ പുനത്തില്‍ മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ ഫാസില്‍, ഷീന ചെറുവത്ത് എന്നിവര്‍ ആശംസ നേര്‍ന്നു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ സ്വാഗതവും സെക്രട്ടറി ആര്‍ നിഷാന്ത് നന്ദിയും പറഞ്ഞു.


