
കോഴിക്കോട്: ആധുനിക കേരളത്തിന്റെ മുഖമുദ്രയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർക്കാറിനായെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്ക് ചുങ്കത്ത് നിര്‍മാണം പൂർത്തിയാക്കിയ ഫറോക്ക് മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. സർക്കാറിന്റെ സേവനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും ടൂറിസത്തിലും റോഡ് വികസനത്തിലും സാധാരണക്കാരുടെ ജീവിതത്തിലും തൊഴിലിലുമെല്ലാം ഇതു കാണാനാവും. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സർക്കാറിന്റെ കരുതലുണ്ടായി. സർക്കാർ ഓഫീസുകളുടെ മുഖച്ഛായ മാറുകയും സൗകര്യങ്ങൾ വർധിക്കുകയും ചെയ്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ബേപ്പൂർ മണ്ഡലത്തിൽ അഞ്ചു വർഷത്തിനിടെ 1400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താനായെന്നും ബേപ്പൂർ തുറമുഖ വികസനം മലബാറിന്റെയാകെ വികസന കുതിപ്പിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂർ മേൽപ്പാലം വൈകാതെ നാടിന് സമർപ്പിക്കും. 1.2 കിലോമീറ്റർ നീളത്തിൽ അരീക്കാട്ട് ജില്ലയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം യാഥാർഥ്യമാക്കും. ഫറോക്ക് പേട്ട ജങ്ഷൻ വിദേശ മാതൃകയിൽ ഒരുക്കുന്ന പ്രവൃത്തികൾ വൈകാതെ ആരംഭിക്കും. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ച ശേഷം 32 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുന്‍ എംഎല്‍എ വി കെ സി മമ്മദ് കോയ മുഖ്യാതിഥിയായി. പി ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഫറോക്ക് നഗരസഭ ചെയർപേഴ്സൺ സി ചന്ദ്രിക, രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭക്തവത്സലൻ, പി ഡബ്ല്യൂ.ഡി സൂപ്രണ്ടിങ് എഞ്ചിനീയർ യു പി ജയശ്രീ, സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയിന്റ് കമീഷണർ ഫിറോസ് കാട്ടിൽ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
വാണിജ്യ നികുതി വകുപ്പിന് കീഴിലുണ്ടായിരുന്ന ചുങ്കത്തെ പഴയ ചെക്ക് പോസ്റ്റിന്റെ 23 സെന്റ് ഭൂമി പ്രയോജനപ്പെടുത്തി 10 കോടി രൂപ ചെലവിട്ടാണ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പണിതത്. 1712 ചതുരശ്ര മീറ്ററിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. ഫറോക്ക് സബ് ട്രഷറി, വില്ലേജ് ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ചരക്ക് സേവന നികുതി ഓഫീസുകൾ, അസിസ്റ്റന്റ് ലേബര്‍ ഓഫിസ് തുടങ്ങിയവയാണ് നാലു നിലകളിലുള്ള കെട്ടിടത്തില്‍ പ്രവർത്തിക്കുക. ഭിന്നശേഷി സൗഹൃദമായി ഒരുക്കിയ കെട്ടിടത്തില്‍ കോൺഫറൻസ് ഹാൾ, ലിഫ്റ്റ്, ലോബി, വിശ്രമ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





