വേങ്ങര റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കുക : എൻ.ജി.ഒ. യൂണിയൻ

വേങ്ങരയിൽ അനുവദിച്ചിരിക്കുന്ന റവന്യൂ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ തിരൂരങ്ങാടി ഏരിയയുടെ 51-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വേങ്ങര നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാടക കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന എ.ഇ.ഒ. ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, വ്യവസായ വികസന ഓഫീസ് എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം ലഭ്യമാക്കണമെന്ന ദീർഘകാല ആവശ്യത്തിനുള്ള പരിഹാരമായാണ് കേരള സർക്കാർ വേങ്ങരയിൽ റവന്യൂ ടവർ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചത്.

വേങ്ങര വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തെ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് റവന്യൂ ടവർ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കൂടാതെ വേങ്ങര സബ് ട്രഷറി ഓഫീസിനും റവന്യൂ ടവറിൽ ആവശ്യമായ സ്ഥലം അനുവദിക്കേണ്ടതുണ്ട്. നിലവിൽ വേങ്ങര സബ് ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ബലക്ഷയം മൂലം, തിരൂരങ്ങാടി ട്രഷറിയോട് ചേർന്നുള്ള ഒറ്റമുറി കെട്ടിടത്തിലാണ് വേങ്ങര ട്രഷറിയും പ്രവർത്തിച്ചുവരുന്നത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള വയോധികരായ പെൻഷൻകാർക്കും ദൈനംദിന ആവശ്യങ്ങൾക്കായി വേങ്ങര ട്രഷറിയെ ആശ്രയിക്കുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇതുമൂലം വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്.

മേൽ സാഹചര്യത്തിൽ വേങ്ങരയിലെ നിർദ്ദേശിച്ചിരിക്കുന്ന റവന്യൂ ടവറിൽ സബ് ട്രഷറിയ്ക്ക് ആവശ്യമായ സ്ഥലം കൂടി അനുവദിക്കണമെന്നും ടവറിന്റെ നിർമ്മാണ പ്രവർത്തനം അടിയന്തരമായി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചെമ്മാട് സഹകരണ ഭവനിൽ ഏരിയ പ്രസിഡന്റ് ടി. നിതിൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ. എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഭിലാഷ് കെ. സി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. രവീന്ദ്രൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ: അഭിലാഷ് കെ. സി (പ്രസിഡന്റ്), നിഷ. ടി, വിഘ്നേഷ്. എം (വൈസ് പ്രസിഡന്റുമാർ), രവീന്ദ്രൻ. ഇ. എം (സെക്രട്ടറി), കൃഷ്ണൻ. കെ, ഉണ്ണികൃഷ്ണൻ. പി. കെ (ജോയിന്റ് സെക്രട്ടറിമാർ), രവീന്ദ്രൻ. കെ (ട്രഷറർ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top