പാല്‍ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി ചിഞ്ചുറാണി

അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പാല്‍ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാല്‍ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാല്‍ ഉല്പാദനക്ഷമതയായ 10.2 കിലോഗ്രാം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ശരാശരി 7.5 കിലോഗ്രാമാണ്. ക്ഷീരവികസന വകുപ്പിന്റെ നിരന്തരവും കാര്യക്ഷമവുമായഇടപെടലുകളുടെ ഫലമായി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിലുളള കൊഴുപ്പ്, കൊഴിപ്പിതര ഖര പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ തോത് മെച്ചപ്പെടുത്തുന്നതിനു സാധിച്ചിട്ടുണ്ട്. ദ്വിമുഖ വില സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ പാലിന്റെ രാസഗുണം വര്‍ദ്ധിപ്പിക്കുന്നതില്‍ നമ്മുടെ കര്‍ഷകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

പാല്‍ ഉത്പാദനം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അണുഗുണ നിലവാരം കുറവാണ്. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നാം വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. സുനിശ്ചിതമായ വിപണി നല്‍കുന്നതിനാല്‍ കൂടുതല്‍പേര്‍ ക്ഷീരമേഖല ഉപജീവന മാര്‍ഗമായി തെരഞ്ഞെടുക്കുകയാണ്. നിലവിലുള്ള ഉത്പാദന വര്‍ദ്ധനവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ ഉടന്‍ കേരളം പാലുല്‍പാദനത്തില്‍ മിച്ച സംസ്ഥാനമായി മാറും. ഈ സാഹചര്യത്തില്‍ നാം പാലിന് പുതിയ വിപണികള്‍ കണ്ടെത്തേണ്ടതായി വരും. സംസ്ഥാനത്തിനു പുറത്തോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കോ പാല്‍ കയറ്റുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിന്റെ ഗുണനിലവാരം ഒരു പ്രധാന ഘടകമായിരിക്കും. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം വേണം.

ക്ഷീരവികസന വകുപ്പ് പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ധാരാളം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് ശുചിത്വ കിറ്റുകള്‍ വാങ്ങുന്നതിനും, തൊഴുത്ത് മുതല്‍ പാല്‍ സംഭരിക്കുന്ന ഉപകരണങ്ങള്‍ വരെ ശുചിയായി കൈകാര്യം ചെയ്യുന്നതിള്ള സഹായങ്ങള്‍ വകുപ്പ് നിലവില്‍ നല്‍കിവരുന്നുണ്ട്. വകുപ്പിനു കീഴില്‍ എല്ലാ ജില്ലകളിലും ഗുണനിയന്ത്രണ യൂണിറ്റുകളോടനുബന്ധിച്ച് പാല്‍ പരിശോധനാ ലാബുകളുടെ സേവനം ലഭ്യമാണ്. ഇവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാല്‍ പരിശോധിക്കുന്നതിനുളള സൗകര്യം ലഭ്യമാണ്. കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ പാലും, കാലിത്തീറ്റയും, വെള്ളവും പരിശോധിക്കുന്ന പ്രാദേശിക ഡയറി ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ സങ്കീര്‍ണ്ണമായ പരിശോധനകള്‍ നടത്തുന്നതിന് സൌകര്യമുളള സ്റ്റേറ്റ് ഡയറി ലാബും ക്ഷീരവികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

സമ്പൂര്‍ണ്ണ ആഹാരമായ പാല്‍ ആരോഗ്യദായമാകണമെങ്കില്‍ നിശ്ചിത ഭൗതിക,രാസ,അണുഗുണ നിലവാരം ഉണ്ടെന്ന് ഉറപ്പാക്കണം. അതിനായി പാല്‍ ഉല്പാദകര്‍ മുതല്‍ ഉപഭോക്താക്കള്‍ വരെ എല്ലാവരും ഒരു പോലെ ജാഗ്രത പുലര്‍ത്തണം. ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന 90 ദിവസം നീണ്ടു നില്‍ക്കുന്ന തീവ്രയജ്ഞത്തില്‍ എല്ലാവരും പങ്കു ചേരണം. ശുദ്ധമായ പാല്‍ സമ്പൂര്‍ണ്ണ ആരോഗ്യത്തിന് എന്നതാകണം നമ്മുടെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.

വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി. സുജയ്കുമാര്‍, മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ എം.റ്റി. ജയന്‍, മില്‍മ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാംഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top