പൊതുമേഖലയുടെ കുതിപ്പിന് മാസ്റ്റര്‍പ്ലാന്‍; 9467 കോടിയുടെ അധിക നിക്ഷേപം

തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ വ്യവസായമന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതതു സ്ഥാപനത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനുകളാണ് കൈമാറിയത്. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ് ടേം ഘട്ടങ്ങളിലായി 2030വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലീകരണ – വൈവിധ്യവല്‍ക്കരണ പദ്ധതികളാണ് ഇതില്‍.

മാസ്റ്റര്‍ പ്ലാന്‍ വഴി നടപ്പാക്കുന്ന 175 പദ്ധതി 2030ല്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനത്തിലുമായി 9467 കോടിയുടെ അധിക നിക്ഷേപമുണ്ടാകും. ഷോര്‍ട്ട് ടേം നിക്ഷേപം–2659 കോടി രൂപ, മിഡ് ടേം–2833.32 കോടി, ലോങ് ടേം–3974.73 കോടി എന്നിങ്ങനെയാണ് നിക്ഷേപത്തിനുള്ള സമയക്രമം.എല്ലാ സ്ഥാപനത്തിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലെ 3300 കോടിയില്‍നിന്ന് 14,238 കോടി വര്‍ധിച്ച് 17,538 കോടിയാകും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവിലുള്ള 14,700 പേര്‍ക്കുപുറമെ 5464 പേര്‍ക്കുകൂടി ജോലി ലഭിക്കും.

ജൂലൈയിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാരംഭിച്ചത്. ഒന്നാം ഘട്ടത്തില്‍ വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥാപനങ്ങള്‍ കരടുപദ്ധതി അവതരിപ്പിച്ചു. തുടര്‍ന്ന്, വിവിധ വിഭാഗങ്ങളായി തിരിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ചചെയ്ത് അന്തിമമാക്കുകയുമായിരുന്നു. മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണം അതിവേഗം നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top