റസ്റ്റ് ഹൗസുകള്‍ പൊതുജനത്തിനും; പരീക്ഷയെഴുതാന്‍ വരുന്നവര്‍ക്ക് മിതമായ നിരക്കില്‍ മുറി

തിരുവനന്തപുരം: പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. resthouse.pwd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ നേരിട്ടെത്തിയോ ബുക്ക് ചെയ്യാം. കേരളപ്പിറവി ദിനത്തില്‍ ജനങ്ങള്‍ക്കുള്ള വകുപ്പിന്റെ സമ്മാനമാണിത്.

155 റസ്റ്റ് ഹൗസിലായി 1161 മുറിയാണ് പൊതുജനങ്ങള്‍ക്കായി തുറക്കപ്പെടുക. മുറികളില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സംവരണത്തില്‍ മാറ്റമില്ല.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 30 വിനോദസഞ്ചാര കേന്ദ്രത്തിലെ റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജയെ നോഡല്‍ ഓഫീസറായി നിയമിച്ചു. റസ്റ്റ് ഹൗസുകളില്‍ അപ്രതീക്ഷിതമായുള്ള സന്ദര്‍ശനം ഉണ്ടാകും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിവിധയിടങ്ങളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചീഫ് എന്‍ജിനിയര്‍ എല്‍ ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ചീഫ് എന്‍ജിനിയറായ കെ ആര്‍ മധുമതി, തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ജി മാധവദാസ് എന്നിവര്‍ പങ്കെടുത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top