ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. 15 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്.രാജേന്ദ്രകുമാര്‍(67), സുമിത്ര(65), മുന്നീ ഭായ്(72), അഭിഷേക് മോദി(30),ബാലു (17), ശീതള്‍ ജെയിന്‍ (37) എന്നിവരുടെയും രണ്ട് പെണ്‍കുട്ടികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന തെരുവാണ് ഗുല്‍സാര്‍ ഹൗസ്. നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് താഴത്തെ നിലയില്‍ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലര്‍ച്ചെ ആയതിനാല്‍ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക കൊണ്ട് മൂടിയപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്.
12 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ ഉടനെ അണച്ചെങ്കിലും പുക തിങ്ങി നിറഞ്ഞതിനാല്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്ന പലരെയും പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീടുകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായി മന്ത്രി പൊന്നം പ്രഭാകര്‍ വ്യക്തമാക്കി.
സംഭവത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കും. പരുക്കേറ്റവരെ ഒസ്മാനിയ മെഡിക്കല്‍ കോളജ്, ഹൈദര്‍ഗുഡ, ഡിആര്‍ഡിഒ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.



