മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാന്‍ ‘മാം’ ആപ്പ്

മലപ്പുറം: മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സഹായകമാവുകയാണ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് തയ്യാറാക്കിയ ‘മാം ‘(മണ്ണിനെ അറിയം മൊബൈലിലൂട) ആപ്പിലൂടെ. നമ്മള്‍ നില്‍ക്കുന്നിടത്തെ ഓരോ തുണ്ട് മണ്ണിന്റെയും പോഷകനില മനസിലാക്കുവാനും അതിനനുസരിച്ച് വളപ്രയോഗം നടത്തുവാനും ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സഹായിക്കും. പ്രളയം മൂലം ഒലിച്ചു പോയ ഫലഭൂഷ്ടിയുള്ള മേല്‍ മണ്ണ് തിരിച്ചെടുക്കാനും ആപ്പു വഴി കഴിയും.

സോയില്‍ ഹെല്‍ത്ത് കാര്‍ഡിനായ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് കര്‍ഷകര്‍ക്ക് വേണ്ട വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാവുന്നത്. ഇതിലുടെ മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഇനി നെട്ടോട്ടമോടേണ്ട. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള നൂതന മാര്‍ഗങ്ങളാണ് കൃഷി വകുപ്പും മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സ്വയം പര്യപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്താണ് മാം (മണ്ണിനെ അറിയാം മൊബൈലിലൂടെ )

ഇതൊരു മൊബെല്‍ ആപ്ലിക്കേഷനാണ്. പ്ലേ സ്റ്റോറില്‍ നിന്നും മണ്ണ്(mannu) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ സേവനം എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. കൈകുമ്പിളില്‍ ഒരു പിടി മണ്ണില്‍ ചെടി വളരുന്ന ചിത്രമാണ് ആപ്പിന് നല്‍കിയിരിക്കുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം കൃഷിയിടത്തില്‍ പോയി ജി.പി എസ് ഓണാക്കി മാം(mannu) ആപ്പ് തുറന്നാല്‍ മണ്ണിന്റെ പോഷക നില പരിശോധിക്കുക എന്ന് കാണാം. അതില്‍ അമര്‍ത്തിയാല്‍ ആ സ്ഥലത്തുള്ള മണ്ണിലെ ഓരോ മൂലകത്തിന്റെയും പോഷകനില സ്‌ക്രീനില്‍ തെളിയും. ഇതിന് ശേഷം വള ശുപാര്‍ശ എന്നതും അതില്‍ അമര്‍ത്തിയാല്‍ വിള തെരെഞ്ഞെടുക്കുക എന്ന നിര്‍ദേശവും കാണാം. അതില്‍ നമുക്ക് ആവശ്യമുള്ള വിള തെരഞ്ഞെടുത്താല്‍ അതിന് ആ സ്ഥലത്ത് ആവശ്യമായ ജൈവ വളത്തിന്റെയും രാസവളത്തിന്റെയും കൃത്യമായ അളവ് ലഭിക്കും.

കര്‍ഷകര്‍ക്കുള്ള ഗുണങ്ങള്‍

മണ്ണ്(mannu) ആപ്പ് ഉപയോഗിക്കുക വഴി വളരെ പെട്ടന്ന് കൃഷിയിടത്തിലെ മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കാനും, ഓരോ വിളവിനും വേണ്ട മൂലകങ്ങളും തിരിച്ചറിഞ്ഞ് വളപ്രയോഗം നടത്താനും കഴിയും. കൂടാതെ ലാബ് വഴിയുള്ള മണ്ണ് പരിശോധനമൂലം നേരിടുന്ന കാലതാമസം ഒഴിവാക്കാനും കഴിയും. മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മംഗനീസ്, സിങ്ക്, കോപ്പര്‍, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെ നിലവാരം എന്നിവ കര്‍ഷകര്‍ക്ക് മൊബൈല്‍ വഴി അറിയാം. നെല്ല്, വിവിധ പച്ചക്കറികള്‍, കുരുമുളക് തുടങ്ങി 21 ഇനം വിളകള്‍ക്കാവശ്യമയ മണ്ണിന്റെ വിവരങ്ങള്‍ ആപ്പിലുണ്ട്. മണ്ണിന്റെ നിലവാരത്തിനനുസരിച്ച് കേരള കാര്‍ഷിക സര്‍വകലാശാല നിര്‍ദ്ദേശിച്ച വളപ്രയോഗങ്ങളാണ് കര്‍ഷകര്‍ക്ക് ഇതിലൂടെ ലഭിക്കുക.

Related Articles