കലാപ തീ അണിയാതെ മണിപ്പുര്‍; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

മണിപ്പുര്‍: മൂന്നുമാസമായി കലാപം തുടരുന്ന മണിപ്പുരില്‍ അച്ഛനും മകനുമടക്കം മൂന്നുപേരെ വീട്ടില്‍നിന്ന് പിടിച്ചിറക്കി വെടിവച്ചുകൊന്നു. പിന്നാലെ പൊലീസുമായുണ്ടായ വെടിവയ്പില്‍ കമാന്‍ഡോ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്ത ഗ്രാമത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മെയ്ത്തീ വിഭാഗത്തിന്റെ ഗ്രാമത്തിന് സുരക്ഷ നല്‍കുന്ന സംഘത്തില്‍പ്പെട്ട യുംനം പ്രേംകുമാര്‍ (37), അച്ഛന്‍ യുംനം പിഷക്ക്, സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന യുംനം ജിതേന്‍ (58)എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളില്‍ വാള്‍ ഉപയോഗിച്ച് വെട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ഗ്രാമത്തിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോള്‍ ഊഴമനുസരിച്ച് ഗ്രാമത്തിന് കാവല്‍നിന്നവരാണ് കൊല്ലപ്പെട്ടത്. വിമതരും പൊലീസും തമ്മിലുണ്ടായ രൂക്ഷമായ വെടിവയ്പിലാണ് കമാന്‍ഡോ പവോനം അപ്പല്ലോയ്ക്ക് (32) ഗുരുതര പരിക്കേറ്റത്. ഒരു സ്ത്രീയടക്കം മറ്റ് രണ്ടുപേര്‍ക്കും വെടിയേറ്റു.

കേന്ദ്രസേന സംരക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച മെയ്ത്തീകള്‍, കുക്കി മേഖലയായ ചുരാചന്ദ്പുരിലേക്ക് സംഘടിച്ചുനീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ഇംഫാലിലെ ലംഗോളിലുള്ള ഉപേക്ഷിച്ചുപോയ വീടുകള്‍ ശനിയാഴ്ച വൈകിട്ട് മെയ്ത്തീകള്‍ അഗ്‌നിക്കിരയാക്കി. കൊല്ലപ്പെട്ട 35 കുക്കികളുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മെയ്ത്തീകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തടയപ്പെട്ടിരുന്നു.

നിയമവാഴ്ച തകര്‍ന്ന മണിപ്പുരില്‍ വീണ്ടും പരസ്യമായി ഏറ്റുമുട്ടി പൊലീസും സൈന്യവും. ക്വാക്ത ഗ്രാമത്തിലെ ആക്രമണത്തിനു പിന്നാലെ ഇവിടേക്ക് എത്തിയ 37–ാം അസം റൈഫിള്‍ സേനാംഗങ്ങളെയും കവചിത വാഹനങ്ങളെയും മണിപ്പുര്‍ പൊലീസ് തടഞ്ഞതാണ് പ്രകോപനത്തിനു കാരണം. ക്വാക്ത– ഗോഥോള്‍ റോഡിലാണ് വാഹനങ്ങള്‍ തടഞ്ഞത്. പിന്നാലെ ഇരുപക്ഷവും കനത്ത വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top