Section

malabari-logo-mobile

വിഭവ പരിപാലനം ഉറപ്പാക്കാന്‍ പൂക്കോട്ടൂരില്‍ ‘മാനിയ’ പദ്ധതി

HIGHLIGHTS : 'Mania' project in Pookottur to ensure resource management

പൂക്കോട്ടൂര്‍: മാലിന്യ വിമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഗ്രാമം ലക്ഷ്യമിട്ട് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘പൂക്കോട്ടൂര്‍ മാനിയ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മാലിന്യ നിര്‍മ്മാര്‍ജന യജ്ഞമാണ് നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌ക്കരണ കേന്ദ്രങ്ങളിലേക്കു കൈമാറുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച 30 അംഗ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കുന്നത്. ഇതു പിന്നീട് ക്ലീന്‍ കേരള മിഷനു കൈമാറി സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ എത്തിക്കും.

വീടുകളില്‍ നിന്നു 50 രൂപയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു 100 രൂപയുമാണ് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഈടാക്കുന്നത്. വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യത്തിന്റെ തോതനുസരിച്ചുള്ള തുകയും പഞ്ചായത്ത് ഈടാക്കും. ഹരിത കര്‍മ്മ സേനക്കുള്ള പ്രാരംഭ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി റിംഗ് കംപോസ്റ്റ് പദ്ധതിയും പൂക്കോട്ടൂരില്‍ നടന്നു വരുന്നുണ്ട്. ഇതിനു തുടര്‍ച്ചയായി ദ്രവ മാലിന്യ സംസ്‌ക്കരണ പദ്ധതിയും ആരംഭിക്കുകയാണു ലക്ഷ്യം. ജൈവ അജൈവ മാലിന്യ സംസ്‌ക്കരണം വിവിധ ഘട്ടങ്ങളിലൂടെ നടപ്പാക്കുന്നതിനൊപ്പം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. ജലനിധിയുമായി ചേര്‍ന്നാണ് ജലസ്രോതസ്സുകളുടെ നിലവാരം ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി പ്രാവര്‍ത്തികമാക്കുക.

sameeksha-malabarinews

മാലിന്യ ശേഖരണത്തിനൊപ്പം വിഭവ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാന്‍ ജനകീയ ബോധവത്ക്കരണ പരിപാടികളും നടക്കുമെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ അറിയിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ക്ലസ്റ്ററുകള്‍ ഇതിനായി രൂപീകരിക്കും. പരിസ്ഥിതി, ശുചിത്വ മേഖലകളില്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിനൊപ്പം കലാ ജാഥ, തെരുവു നാടകം, ഗായക സംഘ പര്യടനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!