മണക്കുളങ്ങര സംഭവം: സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

HIGHLIGHTS : Manakulangara incident: Minister A K Saseendran says the government will take strong legal action

കോഴിക്കോട്:കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അപകടം നടന്ന ക്ഷേത്രപരിസരം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നാട്ടാന പരിപാലന ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവച്ചിട്ടുണ്ടെന്നും വെടിക്കെട്ട് സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന് ജില്ലാ ഭരണകൂടവും അഭിപ്രായം പ്രകടപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

sameeksha-malabarinews

പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മരിച്ചവരുടെ വീട്ടുകാരുടെ ദുഖത്തില്‍ താനും സര്‍ക്കാരും പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങള്‍ മന്ത്രിതലത്തില്‍ ആലോചിച്ച് തീരുമാനിക്കും. അന്വേഷണത്തിനൊടുവില്‍ കുറ്റവാളികളെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായി സംസാരിച്ച ശേഷം അപകടത്തില്‍ മരണപ്പെട്ട മൂന്നുപേരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരുടെ വീടാണ് സന്ദര്‍ശിച്ചത്. ക്ഷേത്രത്തിലെ തകര്‍ന്ന കെട്ടിടവും ക്ഷേത്ര പരിസരവും മന്ത്രി സന്ദര്‍ശിച്ചു.

മന്ത്രിയ്‌ക്കൊപ്പം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി എം കോയ, നഗരസഭ കൗണ്‍സിലര്‍മാരായ സി പ്രഭ, പി ബി ബിന്ദു എന്നിവരുമുണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!