
കാളികാവ് : വീട് കുത്തിപ്പൊളിച്ച് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ. വഴിക്കടവ് പുവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബറിനെ (56) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലകുന്നിലുള്ള വീട് കുത്തിപ്പൊളിച്ച് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് കാളികാവ് പൊലിസ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
23ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം . അമ്പലക്കുന്നിലെ പന്നിക്കോടൻ ഷിഫ്നയുടെ തറവാട് വീടിന്റെ മുൻവശം വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതി അലമാരയിൽ സുക്ഷിച്ചിരുന്ന രണ്ടേകാൽ പവൻ സ്വർണാഭരണങ്ങളും 47000 രൂപയും കവർച്ച ചെയ്തിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതനായത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
എസ്ഐമാരായ ടി അബ്ദുൾ റസാഖ്, അൻവർ സാദത്ത്, സിപിഒ ക്ലിന്റ് ജേക്കബ്, പ്രത്യേക അന്വേഷണ സംഘത്തിലെ സുനിൽ മമ്പാട്, ടി നിബിൻദാസ്, ജിയോ ജേക്കബ്, പി സാബിറലി, സജീഷ്, സി കെ സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




